ഈ വർഷത്തെ ആദ്യഹിറ്റ് ചിത്രം രോമാഞ്ചം ഒ ടി ടിയിലേക്ക്,​ റിലീസ് തീയതി പ്രഖ്യാപിച്ചു

Saturday 25 March 2023 9:51 PM IST

മലയാളത്തിലെ ഈ വർഷത്തെ ആദ്യഹിറ്റായ രോമാഞ്ചത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏപ്രിൽ 7ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും,​

ചിത്രീകരണം കഴിഞ്ഞ് റിലീസ് നീണ്ടുപോയെങ്കിലും തിയേറ്ററുകളിൽ എത്തിയപ്പോൾ ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു,​ ഫെബ്രുവരി 3ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇന്നലെ 50ാംദിനം ആഘോഷിച്ചിരുന്നു.

മലയാളത്തിലെ ആൾടൈം ടോപ് ബോക്സോഫീസ് വിജയങ്ങളിൽ ഏഴാം സ്ഥാനത്താണ് രോമാ‌ഞ്ചം. കേരളത്തിൽ നിന്നുമാത്രം ചിത്രം ഇതുവരെ 41 കോടി നേടി,​ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 4.1 കോടിയും വിദേശമാർക്കറ്റുകളിൽ 22.9 കോടിയുമാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്. ഇതുവരെയുള്ള ആഗോള ബോക്സോഫീസ് കളക്ഷൻ 68 കോടിയാണ്.

ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം 2007ൽ ബംഗളുരുവിൽ പഠിക്കുന്ന സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന കഥയാണ് പറയുന്നത്. നവാഗത സംവിധായകൻ ജിത്തുമാധവൻ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോൺപോൾ പ്രൊഡക്ഷൻസ്,​ ഗപ്പി സിനിമാസ് എന്നിവയുടെ ബാനറിൽ ജോൺപോൾ ജോർജ്,​ ഗിരീഷ് ഗംഗാധരൻ എന്നിവർ ചേർന്നാണ്. സൗബിൻ ഷാഹീർ, അർജുൻ അശോകൻ, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്