മസാജ് സെന്ററിൽ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

Sunday 26 March 2023 12:53 AM IST

കണ്ണൂർ: മസാജ് ചെയ്തശേഷം പണം ചോദിച്ചതുമായുള്ള തർക്കത്തിനിടെ മസാജ് സെന്ററിൽ അതിക്രമിച്ചു കയറി സ്ഥാപനത്തിലെ ജീവനക്കാരായ യുവതികളെ അപമാനിക്കുകയും അക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. അഞ്ചരക്കണ്ടി പാതിരിയാട് എ.ഒ.പി റോഡിൽ നവജിത്ത് നിവാസിൽ കെ. നവജിത്ത്(37), അഞ്ചരക്കണ്ടി പാതിരായാട് ദേശസേവ സംഘം വായനശാലക്ക് സമീപം ചിരുകണ്ടോത്ത് പി.പി. പ്രിയേഷ് (30), പടുവിലായി പടിഞ്ഞാറേ വീട്ടിൽ സി. സായൂജ്(29) എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂർ ടൗണിൽ ജോൺമിൽ റോഡിൽ പ്രവർത്തിക്കുന്ന ധാര മസാജ് സെന്ററിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഉടമ എടക്കാട് കു​റ്റിക്കകത്തെ ടി.കെ. വിജിലിന്റെ പരാതിയിലാണ് ടൗൺ പൊലീസ് കേസെടുത്തത്. മസാജ് ചെയ്ത ശേഷം പണം ചോദിച്ചതോടെ മൂന്നുപേരും തർക്കത്തിലായി. ഇതിന്റെ വിരോധത്തിൽ സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ പ്രതികൾ സ്ഥാപനത്തിലെ ജീവനക്കാരിയെയും ജോലി ചെയ്യുകയായിരുന്ന വിജിലിന്റെ ഭാര്യയെയും അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. വിജിലിന്റെ സഹോദരനെയും ചീത്ത വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പ്രതികൾ മൂന്നുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഒന്നാംപ്രതി സായൂജിന്റെ പേരിൽ 12 കേസുകളുണ്ടെന്ന് പൊലിസ് പറഞ്ഞു.