എം പി സ്ഥാനം പുനഃസ്ഥാപിച്ചില്ല,​ ലോക്‌സഭാ സെക്രട്ടേറിയറ്റിനെതിരെ മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിൽ ഹർജി നൽകി

Saturday 25 March 2023 10:54 PM IST

ന്യൂഡൽഹി : കോടതി വിധി സ്റ്റേ ചെയ്തിട്ടും തന്നെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്തതിന് എതിരെ ലക്ഷദ്വീപ് മുൻ എം,​പി മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിൽ ഹർജി നൽകി. അയോഗ്യത നീങ്ങിയിട്ടും എം.പി സ്ഥാനം പുനഃസ്ഥാപിച്ചില്ലെന്നും ലോക്സഭാ സെക്രട്ടേറിയേറ്റ് നിയമവിരുദ്ധമായ നിഷ്ക്രിയ സമീപനം സ്വീകരിക്കുന്നുവെന്നും ആരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. രണ്ട് പ്രധാനപ്പെട്ട ലോക്‌സഭാ സെഷനുകൾ ഇതു വഴി നഷ്ടമായെന്നും ഫൈസൽ പറയുന്നു. അഡ്വക്കേറ്റ് കെ.ആർ. ശശി പ്രഭുവാണ് ഹർജി ഫയൽ ചെയ്തത്.

വധശ്രമക്കേസിൽ പത്തുവർഷം ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ലക്ഷദ്വീപ് എം.പിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. ജനുവരി 13നായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത് തുടർന്ന് ഫൈസൽ നൽകിയ ഹർജിയിൽ കുറ്റക്കാരനാണെന്ന വിധി ജനുവരി 25ന് കേര ള ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു,​ ഈ സാഹചര്യത്തിൽ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫൈസൽ ലോ‌ക്സഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകിയിരുന്നു,​ എന്നാൽ ഇതുവരെയും അയോഗ്യത പിൻവലിച്ചുകൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.

Advertisement
Advertisement