വീടുകയറി ആക്രമണം: ആറുപേർ അറസ്റ്റിൽ

Sunday 26 March 2023 12:59 AM IST

പള്ളിക്കത്തോട് : വീട്ടിൽ കയറി യുവാവിനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. വാഴൂർ പനച്ചിക്കമുകൾ വാഴയിൽ വീട്ടിൽ അനീഷ് (40), ചാമംപതാൽ രണ്ടാംമൈൽ കളത്തിൽപുത്തൻപുരയിൽ വീട്ടിൽ ജയകൃഷ്ണൻ (24), വാഴൂർ പുതുപള്ളികുന്നേൽ വീട്ടിൽ അഖിൽ (27), വാഴൂർ അരീക്കൽ വീട്ടിൽ അനന്തു (25), വാഴൂർ വെള്ളറയിൽ വീട്ടിൽ അശ്വിൻ (21), വാഴൂർ പനപ്പുഴ ആനന്ദഭവൻ വീട്ടിൽ അജയ് (25) എന്നിവരെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി വാഴൂരിലാണ് സംഭവം. കൊച്ചുകാഞ്ഞിരപ്പാറയിൽ താമസിക്കുന്ന യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ജനൽച്ചില്ലുകളടക്കം എറിഞ്ഞുതകർത്തു.

പ്രതികളിൽ ഒരാളായ അനീഷ് കുമാറും യുവാവും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണം. അനീഷിന് പള്ളിക്കത്തോട്, പൊൻകുന്നം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. എസ്.എച്ച്.ഒ ഇ.അജീബ്, എസ്.ഐ ശിവപ്രസാദ്, എ.എസ്.ഐ റെജി ജോൺ,സി.പി.ഒമാരായ വിനോദ്, സുഭാഷ്, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതികളെ കോടതിയിൽ ഹാജരാക്കി.