വീട്ടമ്മയുടെ ബാങ്ക് നിക്ഷേപം തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം; നഷ്ടമായത് മകളുടെ വിവാഹത്തിന് സൂക്ഷിച്ച പണം

Sunday 26 March 2023 12:08 AM IST

പേരൂർക്കട: വട്ടിയൂർക്കാവ് വയലിക്കട സ്വദേശി എസ്.സുനിതയുടെ ബാങ്ക് നിക്ഷേപം വ്യാജ ഫോൺകാളിലൂടെ അപഹരിച്ച സംഭവത്തിൽ സൈബർ പൊലീസും ഇസാഫ് ബാങ്കും അന്വേഷണം ആരംഭിച്ചു. വീട്ടമ്മയുടെ മൊബൈൽ ഫോണിലേക്ക് ഒ.ടി.പി സന്ദേശങ്ങൾ അയച്ച ഫോൺ നമ്പർ, ബാങ്കിൽ നിന്നെന്ന വ്യാജേന കാൾ വന്ന മൊബൈൽ നമ്പർ, ടവർ ലൊക്കേഷൻ, ഐ.പി അഡ്രസ് എന്നിവ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്.

ഇവർ തട്ടിപ്പിന് ഇരയായ അന്നുതന്നെ ബാങ്ക് അധികൃതർ, വട്ടിയൂർക്കാവ് പൊലീസ്, സൈബർ സെൽ എന്നിവിടങ്ങളിൽ പരാതി നൽകിയിരുന്നു. ലോക്കൽ പൊലീസിന് ഇത്തരം തട്ടിപ്പുകൾ അന്വേഷിക്കുന്നതിൽ പരിമിതികളുള്ളതിനാൽ വട്ടിയൂർക്കാവ് പൊലീസ് പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. വട്ടിയൂർക്കാവ് കുരുവിക്കാടിന് സമീപത്തുള്ള വസ്തു വിറ്റ് മകളുടെ വിവാഹത്തിനായി ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തിയിരുന്ന അഞ്ചുലക്ഷം രൂപയിൽ നിന്നാണ് 2,06,000രൂപ തട്ടിയെടുത്തത്. സെപ്തംബർ 10നാണ് മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തിയിരുന്ന തുക സുനിതയുടെ അക്കൗണ്ടിലേക്ക് മാറ്റിയശേഷമാണ് പിൻവലിച്ചത്.

നെറ്റ് ബാങ്കിംഗ് സൗകര്യമുള്ള അക്കൗണ്ടുകളിൽ ഇത്തരം തട്ടിപ്പിന് സാദ്ധ്യതയുണ്ടെന്നാണ് ബാങ്ക് നിലപാട്. വ്യാഴാഴ്ചയാണ് സുനിത തട്ടിപ്പിന് ഇരയായത്. രാവിലെ മുതൽ ഇവരുടെ മൊബൈൽ ഫോണിലേക്ക് നിരവധി തവണ ഒ.ടി.പി നമ്പരുകൾ സന്ദേശങ്ങളായെത്തി. വൈകിട്ടോടെ ബാങ്കിൽ നിന്നാണെന്ന മുഖവുരയോടെ ഫോൺകാൾ വരികയും അക്കൗണ്ട് വിവരങ്ങൾ പറഞ്ഞ ശേഷം ഒ.ടി.പി നമ്പർ നൽകണമെന്നും അറിയിച്ചു. സംശയം തോന്നാതിരുന്ന സുനിത ഒ.ടി.പി നമ്പർ നൽകി. വൈകിട്ടോടെ നാലു തവണകളായി 2,06,000 രൂപ പിൻവലിച്ചതായുള്ള സന്ദേശമെത്തി. ഇതോടെയാണ് തട്ടിപ്പിനിരയായതെന്ന് ഇവ‌ർ തിരിച്ചറിഞ്ഞത്.

Advertisement
Advertisement