മോദിയ്ക്കെതിരായ പരാമർശം; സ്പർദ്ധയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിന് എം എം മണിയ്ക്കെതിരെ കേസെടുക്കണമെന്ന് പരാതി

Saturday 25 March 2023 11:11 PM IST

ഇടുക്കി: സിപിഎം നേതാവ് എം എം മണിയ്ക്കെതിരെ പൊലീസിൽ പരാതി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെ സംബന്ധിച്ച് ഇന്നലെ നടത്തിയ പ്രസംഗത്തിനിടയിൽ പ്രധാനമന്ത്രിയ്ക്കെതിരെ നടത്തിയ പരാമർശങ്ങളെ ചൂണ്ടിക്കാട്ടി ബിജെപി നേതാവ് എൻ ഹരിയാണ് കോട്ടയം പൊലീസിന് പരാതി നൽകിയത്. പ്രതികരണത്തിലൂടെ വിവിധ വിഭാഗങ്ങൾക്കിടയിൽ സപ്ർദ്ധയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാൽ എം എം മണിയ്ക്കെതിര കേസെടുക്കണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്.

ഇടുക്കി പൂപ്പാറയിൽ 24-ന് നടന്ന പ്രസംഗത്തിൽ രാഹുലിനെ അയോഗ്യനാക്കിയ നടപടിയെ വിമർശിച്ച മണി നരേന്ദ്രമോദിയെയും ആർഎസ്‌എസിനെയും കടന്നാക്രമിച്ചിരുന്നു. വിമർശനങ്ങൾ ഏറ്റുവാങ്ങാൻ മോദി ബാദ്ധ്യസ്ഥാനാണെന്നായിരുന്നു രാഹുലിന്റെ അയോഗ്യത നടപടിയെ വിമർശിച്ച എം എം മണി പറഞ്ഞത്. കൊലക്കേസിലെ പ്രതികളെ മോചിപ്പിച്ചുവെന്നും എന്ത് വൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോഹൻ ഭഗവതാണ് മോദിയുടെ നേതാവെന്നും കാളികൂളി സംഘമായ ആർഎസ്‌എസാണ് എല്ലാത്തിനും പിന്നിലെന്നും മണി ആരോപിച്ചിരുന്നു.