കാളപ്പോരിനെക്കാളും വിറളി പൂണ്ട് ഡ്രൈവർമാർ, കേരളത്തോടുളള സ്‌നേഹം പോയെന്ന് കോവളത്ത് മർദ്ദനമേറ്റ വിദേശി

Sunday 26 March 2023 12:19 AM IST

വിഴിഞ്ഞം: കേരളത്തോടുളള സ്നേഹം ഒരുദിവസം കൊണ്ട് തകർന്നെന്ന് കോവളത്ത് ക്രൂരമർദ്ദനത്തിന് ഇരയായ നെതർലാൻഡ് സ്വദേശി കാർവിൻ. കോവളം ലൈറ്റ് ഹൗസ് ബീച്ചിന് സമീപം ടാക്‌സി ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിനിടെ പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് പിതാവിനൊപ്പം ചികിത്സയ്‌ക്കായെത്തിയ കാൽവിൻ സ്കോൾട്ടന് (27) മർദ്ദനമേറ്റത്. ഒരു വർഷത്തെ ടൂറിസ്റ്റ് വിസയിൽ എത്തിയ തനിക്ക് മുംബയ്, ഡൽഹി തുടങ്ങി വൻനഗരങ്ങളെക്കാൾ ഇഷ്‌ടപ്പെട്ടത് ശുദ്ധവായുവും നല്ല ഭക്ഷണവും ലഭിച്ച കേരളത്തെയാണ്. കോവളത്ത് എത്തിയിട്ട് അഞ്ചാഴ്‌ചയായി. അക്രമം നടക്കും വരെയും സന്തോഷമായിരുന്നെന്നും ഇനി ഇന്ത്യയിലേക്കില്ലെന്നും കാൽവിൻ പറയുന്നു.

സംഭവമറിഞ്ഞ് നാട്ടിലെ മുത്തശ്ശി ക്ലാരയും ഭയപ്പാടിലാണ്. സ്‌കോട്ട്‌ലാൻഡിലെ കാളപ്പോരിനെക്കാളും ഇവിടെ നാട്ടുകാർ വിറളിപൂണ്ട് നിൽക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ഉച്ചഭക്ഷണം കഴിക്കാനായി ഇറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. അസുഖബാധിതനായി ചികിത്സയ്ക്കെത്തിയ പിതാവിന്റെ കൺമുന്നിൽ വച്ചായിരുന്നു മർദ്ദനം. സംഭവശേഷം ഒറ്റയ്‌ക്ക് പുറത്തിറങ്ങിയിട്ടില്ല. ഇത്രയും മോശപ്പെട്ടവർ ഇനിയെന്തും ചെയ്യുമെന്ന ഭയം ഉള്ളിലുണ്ട്. ചൈനയടക്കം നിരവധി രാജ്യങ്ങൾ സന്ദർശിച്ച തനിക്കിത് ആദ്യാനുഭവമാണ്. മർദ്ദിച്ച പ്രതിക്ക് ഉടൻ ജാമ്യം നൽകി. ഞങ്ങളുടെ നാട്ടിലാണെങ്കിൽ കടുത്ത ശിക്ഷ നൽകുമായിരുന്നുവെന്നും കാൽവിൻ പറഞ്ഞു. മകനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നേരിൽ കണ്ട പിതാവ് സ്കോൾട്ടൺ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും മോചിതനായിട്ടില്ല.