പാടത്തെ വയ്ക്കോലിന് തീയിട്ടു, നാട്ടിലാകെ പരന്നത് പരിഭ്രാന്തി
കുട്ടനാട്: മുട്ടാർ ഗരുഡാകരി കോതരിക്കാട് പാടത്ത് വയ്ക്കോലിനിട്ട തീ ആളിപ്പടർന്നതിനെത്തുടർന്ന്, ചാക്കിൽ സൂക്ഷിച്ചിരുന്ന രണ്ട് ക്വിന്റലോളം നെല്ല് കത്തി നശിച്ചു. റോഡിന്റെ വശങ്ങളിൽ നിന്ന വൃക്ഷക്കൊമ്പുകളിലേക്ക് തീ പടർന്നതിന് പുറമെ പ്രദേശത്തെ പുരയിടങ്ങളിലേക്കും വ്യാപിക്കുന്ന ഘട്ടമെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ചങ്ങനാശേരിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് ആരോ തീയിട്ടത്. മുട്ടാർ പഞ്ചായത്ത് അധികൃതരും നാട്ടുകാരും വിവരം അറിയച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് വലിയ ടാങ്കറിൽ വെള്ളവുമായാണ് സ്ഥലത്ത് എത്തിയതെങ്കിലും തികഞ്ഞില്ല. തുടർന്ന് സമീപത്തെ കിണറുകളിലും കുളങ്ങളിലും നിന്ന് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. കൊയ്ത്ത് കഴിഞ്ഞ പാടത്ത് ട്രാക്ടറും മറ്റും ഉപയോഗിച്ചുള്ള ഉഴവ് ജോലിക്കൊപ്പം റോഡിന്റെ വശത്ത് കല്ലു കെട്ടുന്നതും പുരോഗമിക്കുകയായിരുന്നു. വടക്ക് ഭാഗത്തെ മോട്ടർ തറയ്ക്ക് സമീപത്തു നിന്നു തെക്കോട്ട് പടർന്ന തീ പിന്നീട് റോഡിന്റെ വശങ്ങളിൽ നിന്ന വൃക്ഷക്കൊമ്പുകളിലേക്ക് പടരുകയായിരുന്നു. ഇതോടെ പ്രദേശമാകെ പുകയിൽമൂടി. തുടർന്ന് ഗതാഗതവും കുറച്ചു നേരത്തേക്ക് തടസപ്പെട്ടു. മുട്ടാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബൻ ജോസ്, സെക്രട്ടറി ബിനുകുമാർ തുടങ്ങിയവർ തീ അണയ്ക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകി.