സിറിയയിൽ യു.എസ് സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം

Sunday 26 March 2023 6:22 AM IST

ഡമാസ്കസ് : സിറിയയിൽ യു.എസ് സൈനിക ബേസിന് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകളുടെ ആക്രമണം. വ്യാഴാഴ്ച ഇറാൻ അനുകൂല ഗ്രൂപ്പുകൾ ഡ്രോൺ ആക്രമണം നടത്തിയതിന് യു.എസ് തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെ പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് വടക്ക് കിഴക്കൻ സിറിയയിലെ അൽ ഒമർ ഗ്യാസ് ഫീൽഡിന് സമീപമുള്ള ഗ്രീൻ വില്ലേജ് ബേസിന് നേരെ റോക്കറ്റാക്രമണം നടത്തിയത്. ആക്രമണത്തിൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഒരു സൈനികന് പരിക്കേറ്റതായി യു.എസ് സെൻട്രൽ കമാൻഡ് വക്താവ് മേജർ ജോൺ മൂർ അറിയിച്ചു.

സിറിയയിൽ വ്യാഴാഴ്ച ഇറാനിയൻ നിർമ്മിത ഡ്രോൺ നടത്തിയ ആക്രമണത്തിൽ ഒരു യു.എസ് കരാറുകാരൻ കൊല്ലപ്പെടുകയും അഞ്ച് യു.എസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇറാന്റെ റെവലൂഷണറി ഗാർഡുമായി ബന്ധമുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിൽ യു.എസ് പ്രത്യാക്രമണം നടത്തി. നാല് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.