കിടക്കയിൽ വിഷ പാമ്പിന്റെ സുഖനിദ്ര !

Sunday 26 March 2023 6:22 AM IST

കാൻബെറ : ആറടി നീളമുള്ള ഉഗ്രവിഷമുള്ള പാമ്പിന്റെ മുന്നിൽ നിന്ന് തലനാരിഴെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡ് സ്വദേശിയായ ഒരു സ്ത്രീ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബെഡ്‌റൂമിലെത്തി കിടക്കയിലെ ബെഡ്ഷീറ്റ് നീക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവവുമുണ്ടായത്. ഷീറ്റിനടിയിൽ പതുങ്ങിയിരുന്നത് അതീവ അപകടകാരിയായ ഈസ്റ്റേൺ ബ്രൗൺ സ്നേക്കായിരുന്നു.

പേടിച്ച് മുറി പൂട്ടി പുറത്തിറങ്ങിയ ഇവർ ഉടൻ തന്നെ പാമ്പുപിടുത്തക്കാരെ വിവരമറിയിച്ചു. അധികൃതരെത്തി ഈ പാമ്പിനെ മുറിയിൽ നിന്ന് നീക്കം ചെയ്തതിനൊപ്പം മറ്റ് പാമ്പുകൾ വീട്ടിൽ കയറിക്കൂടിയോ എന്ന് പരിശോധിക്കുകയും ചെയ്തു.

പാമ്പ് എങ്ങനെ കട്ടിലിന് മുകളിൽ എത്തിപ്പെട്ടെന്ന് വ്യക്തമല്ല. കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ തുറന്നുകിടന്ന വാതിലിലൂടെ വീടിനുള്ളിൽ രക്ഷതേടിയതാകാമെന്ന് കരുതുന്നു. താപനില കൂടുന്നതിനാൽ വീടിനും പരിസരത്തും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഓസ്ട്രേലിയയിലെ ഏറ്റവും വിഷമേറിയ പാമ്പാണ് ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്. ലോകത്ത് കരയിൽ കാണപ്പെടുന്ന പാമ്പുകളിൽ ഏറ്റവും വീര്യമേറിയ വിഷമുള്ളവയുടെ പട്ടികയിൽ ഇൻലാ‌ൻഡ് തായ്‌പാന് തൊട്ടുപിന്നിലാണ് ഈസ്റ്റേൺ ബ്രൗൺ സ്നേക്കിന്റെ സ്ഥാനം. ഓസ്ട്രേലിയയിൽ തന്നെ കാണപ്പെടുന്ന വിഷമില്ലാത്ത നിരുപദ്രവകാരിയായ ഗാർട്ടർ സ്നേക്കുമായി ഇക്കൂട്ടർക്ക് സാമ്യമുണ്ട്.

അതുകൊണ്ട് തന്നെ ഈസ്റ്റേൺ ബ്രൗൺ സ്നേക്കിനെ ഗാർട്ടർ സ്നേക്കാണെന്ന് തെറ്റിദ്ധരിച്ചുള്ള അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഓസ്ട്രേലിയയിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ മിക്കതിന്റെയും ഉത്തരവാദി ഈസ്റ്റേൺ ബ്രൗൺ സ്നേക്കാണ്. ഈസ്റ്റേൺ ബ്രൗൺ സ്നേക്കിന്റെ വിഷത്തിൽ അടങ്ങിയിരിക്കുന്ന അതിശക്തമായ ന്യൂറോടോക്സിൻ കടിയേൽക്കുന്നയാളുടെ ഹൃദയം, ശ്വാസകോശം എന്നിവയെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

Advertisement
Advertisement