കഥപറയും മമ്മികൾ !

Sunday 26 March 2023 6:29 AM IST

മെക്സിക്കോ സിറ്റി : മമ്മികൾ എന്ന് കേൾക്കുമ്പോൾ ഈജിപ്റ്റ് ആകും പലരുടെയും മനസിലേക്ക് ഓടിയെത്തുക. നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ഫറവോമാരുടെയും പ്രശസ്തരുടെയും മൃതദേഹങ്ങൾ ഈജിപ്ഷ്യൻ പിരമിഡുകളിലും കല്ലറകളിലും മമ്മികളാക്കി സൂക്ഷിച്ചിട്ടുണ്ട്. തുത്തൻഖാമൻ രാജാവിന്റെ മമ്മിയൊക്കെ ഇതിൽ ഏറെ പ്രശസ്തമാണ്. മമ്മികൾ പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയങ്ങളും ഈജിപ്റ്റിലുണ്ട്. എന്നാൽ മമ്മികളുടെ പേരിൽ പ്രസിദ്ധിയാർജ്ജിച്ച ഒരു മ്യൂസിയം മെക്സിക്കോയിലുമുണ്ട്.

യുനെസ്കോയുടെ പൈതൃക കേന്ദ്രങ്ങളിൽ ഒന്നായ ഗ്വനഹുവാറ്റോ നഗരത്തിലാണ് 'ദ മ്യൂസിയം ഒഫ് മമ്മീസ്" സ്ഥിതി ചെയ്യുന്നത്. ഈ മ്യൂസിയത്തിന് പിന്നിൽ ഒരു കഥയുണ്ട്. ഖനന നഗരമായ ഇവിടെ 19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നൂറുകണക്കിന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. 1833ൽ കോളറ മഹാമാരിക്കാലത്ത് രോഗം പിടിപ്പെട്ടവരെ ജീവനോടെയും അല്ലാതെയും കുഴിച്ചുമൂടിയതായിരുന്നു അത്.

രോഗം വന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച് സെമിത്തേരികൾ നിറഞ്ഞതോടെ പ്രാദേശിക ഭരണകൂടം ഒരു നിയമം കൊണ്ടുവന്നു. മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കണമെങ്കിൽ നികുതി അടയ്ക്കണം. ഇതോടെ നികുതി അടയ്ക്കാൻ കഴിയാതെ വന്നവർ ബന്ധുക്കളുടെ മൃതദേഹങ്ങൾ മണ്ണെടുത്ത് കുഴിച്ചിട്ടു.

ഇതിൽ ചില മൃതദേഹങ്ങൾ കണ്ടെടുക്കപ്പെടുമ്പോൾ മമ്മിഫൈ ചെയ്യപ്പെട്ട രൂപത്തിലായിരുന്നു. ഈ മൃതശരീരങ്ങളാണ് പിൽക്കാലത്ത് പ്രദർശനത്തിനായി വച്ചത്. കൊച്ചു കുട്ടികളുടേതു മുതൽ മുതിർന്നവരുടെ വരെ ഭയപ്പെടുത്തുന്ന നൂറിലേറെ മമ്മികൾ ഇവിടെ കാണാം.

Advertisement
Advertisement