ചിഞ്ചിലാൽ സതീഷ് ഏത് പൂട്ടും പുഷ്പം പോലെ തുറക്കും, സ്‌കൂട്ടിയിൽനിന്ന് 1,25,000 രൂപ കവർന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
വർക്കല: സംസ്ഥാനത്ത് നിരവധി മോഷണക്കേസുകളിൽ പ്രതിയായ ചിഞ്ചിലാൽ സതീഷ് എന്ന ആറ്റിങ്ങൽ വേളാർകുടി ശാസ്താംവിളവീട്ടിൽ എസ്.സതീഷ് കുമാറിനെ (42) വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 17 മോഷണകേസുകൾ നിലവിലുണ്ട്.
വർക്കല പാലച്ചിറ മേവ കൺവെൻഷൻ സെന്ററിൽ പാർക്കുചെയ്ത സ്‌കൂട്ടിയിൽനിന്ന് 1,25,000 രൂപ കളളത്താക്കോലുപയോഗിച്ച് തുറന്ന് മോഷ്ടിച്ച കേസിലെ പ്രതിയാണ്. മോഷ്ടാവ് വന്ന വാഹനത്തിന്റെ നമ്പർ വ്യക്തമാകാതിരുന്നതിനാൽ, ഇയാൾ സഞ്ചരിച്ചതായി കരുതുന്ന വിവിധ സ്ഥലങ്ങളിലെ 200ഓളം സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.
മോഷണത്തിനു ശേഷം മലപ്പുറത്തേക്ക് കടന്നുകളഞ്ഞ ഇയാളെ അന്വേഷിച്ച് പൊലീസ് മലപ്പുറത്തേക്ക് തിരിച്ചെങ്കിലും ഇയാൾ കോട്ടയത്തേക്ക് കടന്നുകളഞ്ഞു. പൊലീസ് രാത്രിയോടെ കോട്ടയത്തെ ലോഡ്ജിൽ നിന്ന് പിടികൂടുകയായിരുന്നു. വർക്കല ഡി വൈ.എസ്.പി സി.ജെ.മാർട്ടിന്റെ നിർദ്ദേശാനുസരണം എസ്.എച്ച്.ഒ എസ്.സനോജിന്റെ നേതൃത്വത്തിൽ സബ്ബ്ഇൻസ്‌പെക്ടർ എസ്.അഭഷേക്, ഗ്രേഡ് എസ്.ഐ മാരായ സലിം, ഫ്രാൻക്ലിൻ, എസ്.സി.പി.ഒ മാരായ ബ്രിജിലാൽ, കെ.സുധീർ, സി.പി.ഒ മാരായ പ്രശാന്തകുമാരൻ, നിജുമോൻ എന്നിവരായിരുന്നു സംഘത്തിൽ.