ഭർത്താവില്ലാത്തപ്പോൾ 23കാരിയായ നവവധുവിനെ വീട്ടിലെ മുതിർന്ന പുരുഷൻമാർ മാറി മാറി പീഡിപ്പിച്ചു, അമ്മായിയപ്പനും, ഭർതൃസഹോദരനുമടക്കം നാല് പ്രതികൾ 

Sunday 26 March 2023 12:31 PM IST

ജയ്പൂർ : മൂന്ന് മാസം മുൻപ് വിവാഹിതയായ 23കാരിയെ ഭർതൃവീട്ടിൽ ക്രൂരപീഡനത്തിന് ഇരയാക്കിയതായി പരാതി. രാജസ്ഥാനിലെ ഹനുമാൻഗഢിലാണ് സംഭവം. ഡ്രൈവറായ ഭർത്താവ് സ്ഥലത്തില്ലാത്തപ്പോൾ ഭർത്താവിന്റെ പിതാവ്, സഹോദരൻ, അനന്തരവൻ, വിവാഹം നടത്തിയ ദല്ലാൾ എന്നിവർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു എന്നാണ് നവവധു പൊലീസിൽ പരാതിപ്പെട്ടിരിക്കുന്നത്. ലഹരി ഗുളികകൾ നൽകി മയക്കിയായിരുന്നു പീഡനം.

വിവാഹ ശേഷം യുവതിയെ സ്വന്തം വീട്ടിലേക്ക് വിടാൻ ഭർത്താവ് ഒരുക്കമായിരുന്നില്ല. ഒടുവിൽ ഒരുനാൾ യുവതിയുടെ മാതാവ് കാണാനെത്തിയപ്പോഴാണ് മകളുടെ ദുരവസ്ഥ മനസിലാക്കി തിരികെ കൂട്ടിക്കൊണ്ട് പോയത്. യുവതി ലുധിയാന സ്വദേശിനിയാണ്. ഇവിടെയാണ് യുവതി പരാതി നൽകിയത്. തുടർന്ന് സാഹ്‌നേവാൾ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം തുടർനടപടികൾക്കായി പരാതി ഹനുമാൻഗഡ് പൊലീസിന് അയച്ചു.

അമ്മായിയപ്പൻ, ഭർതൃസഹോദരൻ, ഭർത്താവിന്റെ അനന്തരവൻ തുടങ്ങിയവർ പീഡിപ്പിക്കുന്നതായി യുവതി ഭർത്താവിനോട് വെളിപ്പെടുത്തിയെങ്കിലും അയാൾ ഗൗരവത്തോടെ എടുത്തില്ല. യുവതി പറയുന്നത് കള്ളമാണെന്നാണ് അയാൾ വിശ്വസിച്ചത്.