ടെഡ്ഡി ബെയറിനെപ്പോലെ കുളിപ്പിക്കാൻ സഹോദരിമാർ ശ്രമിച്ചു, ബക്കറ്റിലെ വെള്ളത്തിൽവീണ് പിഞ്ചുകുഞ്ഞ് മരിച്ചു
ഭോപ്പാൽ: രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മരണത്തിലെ ദുരൂഹത നീക്കി പൊലീസ്. നാലും ആറും വയസുള്ള സഹോദരിമാർ കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണതാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ മരണത്തിൽ ഭിക്ഷക്കാരിക്ക് പങ്കുള്ളതായി സംശയം ഉയർന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങൾ വ്യക്തമായത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മദ്ധ്യപ്രദേശിലെ നര്‍മദാപുരം ജില്ലയിൽ ശോഭാപുര്‍ ഗ്രാമത്തിലെ വീട്ടിൽ കുഞ്ഞിനെ ബക്കറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും കിട്ടിയില്ല. സംഭവദിവസം ഒരു ഭിക്ഷക്കാരി വീട്ടിൽ വന്നുവെന്ന് കുഞ്ഞിന്റെ രക്ഷിതാക്കൾ പൊലീസിനെ അറിയിച്ചു. ഇതാേടെ ആ വഴിക്കായി അന്വേഷണം. പക്ഷേ, അതിലും തെളിവൊന്നും ലഭിച്ചില്ല. ഇതിനിടെ കുഞ്ഞിന്റെ നാലും ആറും വയസുള്ള സഹോദരിമാരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഇതോടെയാണ് മരണം എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായത്.
സംഭവദിവസം സഹോദരിമാർ ടെഡ്ഡി ബെയറിനോടൊപ്പമാണ് കളിച്ചിരുന്നത്. കളിക്കിടെ ടെഡ്ഡി ബെയറിനെ ബക്കറ്റിലെ വെള്ളത്തിൽ കുളിപ്പിക്കുകയും പിന്നീട് വെയിലത്ത് ഉണക്കാൻ വയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് കുഞ്ഞനുജത്തിയെയും ഇതുപോലെ കുളിപ്പിക്കാൻ ഇരുവരും തീരുമാനിച്ചത്. തുടർന്ന് ബക്കറ്റിൽ വെള്ളം നിറച്ചശേഷം കുഞ്ഞിനെയുമെടുത്ത് കുളിമുറിയിലെത്തി.വീട്ടുകാരാരും ഇക്കാര്യം ശ്രദ്ധിച്ചതുമില്ല. ബക്കറ്റിന്റെ അരികിലിരുത്തി കുളിപ്പിക്കുന്നതിനിടെ കൈയിൽ നിന്ന് വഴുതിയ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീഴുകയായിരുന്നു. ഭയന്നുപോയ സഹോദരിമാർ കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ ആരോടും മിണ്ടാതെ ബക്കറ്റും അടച്ചുവച്ച് ഇരുവരും പുറത്തേക്ക് പോയി കളിക്കുകയായിരുന്നു.