കുമ്മാട്ടിക്കളി ആലപ്പുഴയിൽ മാധവ് സുരേഷും യാമിയും

Monday 27 March 2023 2:14 AM IST

സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷിനെ നായകനാക്കി ആർ. കെ. വിൻസന്റ് സെൽവ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി എന്ന ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ 9ന് ആലപ്പുഴ സാന്ത്വനം സ്പെഷ്യൽ സ്കൂളിൽ നടക്കും.തുടർന്ന് ചിത്രീകരണം ആരംഭിക്കും. സൂപ്പർഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി ചാധരി നിർമ്മിക്കുന്ന 98 -മത്തെ ചിത്രത്തിൽ യാമി സോന ആണ് ഒരു നായിക. ആറാട്ട്, എന്റെ മഴ, എന്താടാ സജി തുടങ്ങിയ ചിത്രങ്ങളിൽ യാമി അഭിനയിച്ചിട്ടുണ്ട്. ലെന,ദേവിക സതീഷ്, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് , ദിനേശ് ആലപ്പി,സോഹൻലാൽ, ആൽവിൻ ആന്റണി ജൂനിയർ, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാൽ റാഷിക് അജ്മൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സംവിധായകൻ ആർ. കെ വിൻസന്റ് സെൽവയുടേതാണ് തിരക്കഥ. ഛായാഗ്രഹണം വെങ്കിടേഷ് വി. പ്രോജക്ട് ഡിസൈനർ സജിത്ത് കൃഷ്ണ, സംഗീതം ജാക്സൺ വിജയൻ. പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ പി.ആർ. ഒ എ. എസ് ദിനേശ്.അതേസമയം സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ജെ. എസ്. കെ എന്ന ചിത്രത്തിലൂടെയാണ് മാധവ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ചിത്രീകരണം പൂർത്തിയായ ജെ.എസ്. കെയിൽ അനുപമ പരമേശ്വരൻ ആണ് നായിക.