വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവീന് നേർക്ക് 20 അംഗ സംഘത്തിന്റെ ആക്രമണം,​ അയൽവാസി പിടിയിൽ,​ മർദ്ദിച്ചത് യുവതിയുടെയും മക്കളുടെയും മുന്നിലിട്ട്

Sunday 26 March 2023 9:26 PM IST

കോഴിക്കോട്: കോഴിക്കോട്ട് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ കണ്ണൂർ സ്വദേശിയായ യുവാവിനെ 20 അംഗ സംഘം ക്രൂരമായി ആക്രമിച്ചു,​ നാദാപുരം പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപമാണ് ആക്രമണം നടന്നത്. സംഭവത്തിൽ യുവതിയുടെ അയൽവാസി പേരോട് കിഴക്കേ പറമ്പത്ത് മുഹമ്മദ് സാലിയെ (36)​ നാദാപുരം പൊലീസ് അറസ്റ്റു ചെയ്തു. കൂത്തുപറമ്പ് മമ്പറം സ്വദേശി വിശാഖ് വിനയനാണ് (29)​ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. വിശാഖിനെ രാത്രി തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരുകൂട്ടം യുവാക്കൾ സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. ഇരുമ്പു ദണ്ഡുകളും ഹോളോ ബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് യുവാവ് മൊഴി നൽകി. യുവതിയുടെയും മക്കളുടെയും മുന്നിൽ വച്ചായിരുന്നു മർദ്ദനം. വിശാഖിന്റെയും യുവതിയുടെയും ഫോണുകൾ അക്രമിസംഘം കൈക്കലാക്കി. രക്തം വാർന്ന് അതീവ ഗുരുതരാവസ്ഥയിലായ യുവാവിനെ നാദാപുരം പൊലീസാണ് നാദാപുരം ഗവ. ആശുപത്രിയിലെത്തിച്ചത്. രാത്രിയോടെ വിശാഖിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അറസ്റ്റിലായ മുഹമ്മദ് സാലിയെ റിമാൻ‌ഡ് ചെയ്തു. കണ്ടാലറിയാവുന്ന 14 പേർക്കെതിരെയും പേരറിയാവുന്ന ആറുപേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.