കൊടുങ്ങല്ലൂരിൽ വീണ്ടും വീട് കുത്തിപ്പൊളിച്ച് കവർച്ച

Monday 27 March 2023 12:42 AM IST

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പൊലീസിന് തലവേദനയുണ്ടാക്കി വീടുകൾ കുത്തിപ്പൊളിച്ച് വീണ്ടും കവർച്ച. രാത്രിയിൽ അടുക്കള വാതിൽ കുത്തിപൊളിച്ച് അകത്ത് കടന്ന് ഉറങ്ങികിടക്കുന്നവരുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുന്നതാണ് മോഷണ രീതി. രണ്ട് വീടുകളിൽ മോഷണവും അഞ്ച് ഇടങ്ങളിൽ മോഷണ ശ്രമവും ഉണ്ടായി. എ

ടവിലങ്ങ് കാരയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കാര ബീച്ച് റോഡിൽ താമസിക്കുന്ന ഇലഞ്ഞിക്കൽ ജോൺ ആന്റണിയുടെ ഒന്നേകാൽ പവൻ തൂക്കമുള്ള മാല പൊട്ടിച്ചെടുത്തു. വലിച്ചെടുക്കുന്നതിനിടയിൽ കഴുത്തിൽ വേദന അനുഭവപ്പെട്ട ജോൺ മാലയിൽ പിടിച്ചുവെങ്കിലും ചെറിയ ഭാഗം ഒഴിച്ച് മറ്റെതെല്ലാം മോഷ്ടാവിന്റെ കൈയ്യിലായി. മോഷ്ടാവുമായുള്ള പിടിവലിയിൽ ജോണിന് പരിക്കേറ്റു. രാത്രി 12.45നായിരുന്നു സംഭവം.

മോഷ്ടാവ് പാന്റും ഷർട്ടുമാണ് ധരിച്ചിരുന്നത്. സമീപത്തെ അജ്ജലശേരി ജോഷിയുടെ വീടിന്റെ വാതിൽ പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നരപ്പവൻ മാല മോഷ്ടിച്ചു. ജോഷിയുടെ മകളുടെതായിരുന്നു മാല. ശനിയാഴ്ച കുളിക്കാൻ പോകുന്നതിനിടയിൽ ഊരിവച്ചതായിരുന്നു. രാവിലെ ഉണർന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സമീപത്തെ കബ്ലിക്കൽ ബാലൻ, കിഴക്കേ വീട്ടിൽ ദിനേശൻ, രഘു എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്. എടവിലങ്ങ് കുഞ്ഞയിനിയിലും രണ്ട് വീടുകളിൽ മോഷണശ്രമം നടന്നു. കണിച്ചുകുന്നത്ത് ആന്റണിയുടെയും അണ്ടിരുത്തി ബിജുവിന്റെ വീട്ടിലുമാണ് മോഷണ ശ്രമം നടന്നത്.

അടുക്കള വാതിൽ പൊളിക്കാൻ ശ്രമിക്കുന്നതിനിടയിൽ ശബ്ദം കേട്ട് ഉണർന്ന ആന്റണി വാതിൽ തള്ളിപ്പിടിച്ച് ബഹളം ഉണ്ടാക്കിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. മോഷണം നടന്ന വീടുകളിൽ ഡോഗ് സ്‌ക്വാഡും വിരലടയാള വിദ്ഗദ്ധരും എത്തി പരിശോധന നടത്തി. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി: സലീഷ് എൻ. ശങ്കരൻ, സർക്കിൾ ഇൻസ്‌പെക്ടർ ഇ.ആർ. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 26ന് മേത്തലയിലും സമാനമായ കവർച്ച നടന്നിരുന്നു. ചാലക്കുളം താലപ്പിള്ളി അജിത്തിന്റെ ഭാര്യ ഹേമയുടെ കഴുത്തിൽ കിടന്നിരുന്ന ഒന്നരപ്പവൻ തൂക്കമുള്ള മാലയും അഞ്ചപ്പാലം കാക്കനാട്ട്കുന്ന് പുല്ലാർക്കാട്ട് ശ്രീദേവയുടെ ഒന്നര പവൻ മാലയുമാണ് ആ ദിവസം നഷ്ടപ്പെട്ടത്. മറ്റ് രണ്ട് വീടുകളിലും മോഷണ ശ്രമം നടത്തിയെങ്കിലും വീട്ടുകാർ ലൈറ്റ് തെളിയിച്ചതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.