തൃശൂർ ടൗൺ വെസ്റ്റ് സി ഐക്കെതിരെ ലോക്കപ്പ് മർദ്ദനത്തിന് കേസ്

Monday 27 March 2023 1:53 AM IST

വാടാനപ്പിള്ളി: തൃശൂർ ടൗൺ വെസ്റ്റ് സി.ഐ: ടി.പി.ഫർഷാദ്, സി.പി.ഒ: സുധീഷ് എന്നിവർക്കെതിരെ ലോക്കപ്പ് മർദ്ദനത്തിന് കേസ്. ചാവക്കാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാറാണ് കേസെടുത്തത്. 2013ൽ വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ എസ്.ഐയായിരുന്ന ഫർഷാദ്, സുധീഷും മറ്റ് പൊലീസുകാരും ചേർന്ന് തളിക്കുളം എടശ്ശേരിയിലെ ഓട്ടോ തൊഴിലാളിയായ കൊല്ലാറ സന്തോഷിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തെന്ന പരാതിയിലാണ് പത്ത് വർഷം നീണ്ട നിയമ പോരാട്ടത്തിൽ കേസെടുത്തത്. 2013 ഒക്ടോബർ അഞ്ചിന് രാത്രി പത്തോടെ ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സന്തോഷിനെ കസ്റ്റഡിയിലെടുത്ത് പ്രതികൾ ലാത്തി ഉപയോഗിച്ചും മറ്റും അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടിലെ സാമൂഹിക പ്രവർത്തകരടക്കം ഇടപെട്ടെങ്കിലും സന്തോഷിനെ ഫർഷാദും പൊലീസുകാരും ചേർന്ന് കള്ളക്കേസിൽ കുടുക്കിയിരുന്നു. പരിക്കിനെ തുടർന്ന് നാല് ദിവസം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്തോഷിന് പിന്നീട് ജോലിക്ക് പോകുന്നതിന് ശാരീരികാസ്വാസ്ഥ്യം മൂലം കഴിയാതെയായി.

ഇതോടെയാണ് ചാവക്കാട്ടെ അഭിഭാഷകൻ മുഖാന്തിരം കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്. കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതിൽ കോടതി കേസെടുത്ത് പൊലീസുകാരായ പ്രതികളോട് കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് അയച്ചു. കഴിഞ്ഞ കൊവിഡ് കാലത്ത് തിരൂർ സി.ഐ: ആയിരിക്കെ ഫർഷാദ് പുറത്തൂരിൽ സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയ മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ചതും വിവാദത്തിനിടയാക്കിയിരുന്നു. ഫർഷാദിനെതിരെ വേറെയും പരാതികളെത്തിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. 2020ൽ വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡൽ നേടിയ ഉദ്യോഗസ്ഥനാണ് ഫർഷാദ്.