ചോദ്യംചെയ്യലിൽ അനുമോളുടെ കൊലപാതകം ഏറ്റുപറഞ്ഞ് ബിജേഷ്,​ കൊലയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി നിർണായക മൊഴി

Sunday 26 March 2023 9:55 PM IST

തൊടുപുഴ : അദ്ധ്യാപികയായ അനുമോളുടെ കൊലപാതക കേസിൽ അറസ്റ്റിലായ ഭർത്താവ് ബിജേഷിന്റെ ചോദ്യംചെയ്യൽ തുടരുന്നു,​ കൊലപാതകം ചെയ്യാനുള്ള കാരണം ബിജേഷ് പൊലീസിനോട് വ്യക്തമാക്കിയെന്നാണ് വിവരം. മദ്യപിച്ചെത്തി ബിജേഷ് സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. ഇതിൽ സഹികെട്ട അനുമോൾ വനിതാ സെല്ലിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് ബിജേഷ് പൊലീസിനോട് വെളിപ്പെടുത്തിയത്.

ഇത് സ്ഥിരീകരിക്കാൻ ചോദ്യം ചെയ്യൽ തുടരുകയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബിജേഷിനെ കോടതിയിൽ ഹാജരാക്കും,​

കേസിൽ ഒളിവിലായിരുന്ന ബിജേഷ് കുമളിക്ക് സമീപം തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്തുനിന്നാണ് പിടിയിലായത്. ക ഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലെ കട്ടിലിനടിയിൽ നിന്ന് അനുമോളുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് ബിജേഷ് ഒളിവിൽ പോയത്. അന്വേഷണത്തിനിടയിൽ ഇയാളുടെ മൊബൈൽഫോൺ തമിഴ്നാട് അതിർത്തിയിലെ വനത്തിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു അനുമോൾ. 17ന് സ്കൂളിലെത്തിയ അനുമോൾ പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് വീട്ടിലേക്കു മടങ്ങിയത്. പക്ഷേ, വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ അനുമോൾ സ്കൂളിലെത്തിയില്ല.മകൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് ബിജേഷ് അനുവിന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നു. അവർ വിളിച്ചപ്പോൾ യുവതിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഭാര്യയുടെ മാതാപിതാക്കൾ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിൽ അവർ കയറാതിരിക്കാൻ ബിജേഷ് ശ്രദ്ധിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.എന്നാൽ പിന്നീട് വിളിച്ചപ്പോൾ അനുവിന്റെ ഫോൺ റിംഗ് ചെയ്യുകയും കട്ടാവുകയും ചെയ്തു. തുടർന്ന് അനുവിന്റെ മാതാപിതാക്കളും സഹോദരനും സ്‌റ്റേഷനിലെത്തി അന്വേഷണ പുരോഗതി തിരക്കിയിരുന്നു. വൈകിട്ട് ആറോടെ ബിജേഷും അനുവും താമസിച്ചിരുന്ന വീട്ടിൽ ഇവർ എത്തി. വീട് പൂട്ടിയിരിക്കുന്നത് കണ്ട് തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ, കട്ടിലിനടിയിലെ കമ്പിളിപ്പുതപ്പ് മാറ്റിയപ്പോൾ കൈ പുറത്തേക്ക് വരികയായിരുന്നു