കർഷകർ ചോദി​ക്കുന്നു, താറാവുകളെ കൊന്ന വകയിലുള്ള ഒന്നരക്കോടി എവിടെ?

Monday 27 March 2023 1:03 AM IST

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് കഴിഞ്ഞ സീസണിൽ കൊന്ന താറാവുകൾക്കുള്ള നഷ്ടപരിഹാരമായി ഇനിയും വിതരണം ചെയ്യാനുള്ളത് 1.5 കോടി. താറാവുകൾ ഉൾപ്പെടെ രണ്ട് ഘട്ടങ്ങളായി 80,000ൽ അധികം പക്ഷികളെയാണ് കൊന്നത്.

നഷ്ടപരിഹാരത്തിന്റെ 60 ശതമാനം സംസ്ഥാനവും 40 ശതമാനം കേന്ദ്രവുമാണ് നൽകുന്നത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത 2014 മുതലുള്ള നഷ്ടപരിഹാരത്തുകയായ കേന്ദ്ര വിഹിതത്തി​ലെ കുടിശ്ശിക 16 കോടിയാണ്. സംസ്ഥാന സർക്കാർ മൃഗസംരക്ഷണ വകുപ്പിന് നൽകിയ വിവിധ ഫണ്ടുകൾ എടുത്തായിരുന്നു നഷ്ടപരിഹാരത്തുക വിതരണം ചെയ്തിരുന്നത്. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം വകുപ്പിന് വേണ്ടത്ര ഫണ്ട് അനുവദിക്കാതി​രുന്നതിനാലാണ് നഷ്ടപരിഹാരത്തുക വിതരണം മുടങ്ങിയത്. കർഷകർ പലിശയ്ക്കും സ്വകാര്യ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തുമാണ് പ്രതീക്ഷയോടെ താറാവുകളെ വളർത്തിയത്. അടിക്കടിയുണ്ടുകുന്ന പക്ഷിപ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കർഷകർക്കുണ്ടാക്കുന്നത്.

പക്ഷിപ്പനി റിപ്പോർട്ട് ചെയ്തപ്പോൾ താറാവ് കർഷക സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ, 60 ദിവസം പ്രായമായ താറാവിന് 100 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരം തീരുമാനിച്ചത്. നിലവിൽ, ഒരു ദിവസം പ്രായമായ താറാവിന്റെ വില 23ൽ നിന്ന് 34 ആയി. തീറ്റയ്ക്കും വാക്സിനും വില കൂടി. അതിനാൽ നഷ്ടപരിഹാരത്തുക യഥാക്രമം 125ഉം 250ഉം രൂപയാക്കണമെന്നാണ് ആവശ്യം.

.

# പിൻവലിഞ്ഞ് കർഷകർ

ജില്ലയിൽ 1000ൽ അധികം താറാവ് കർഷകരാണ് ഉണ്ടായിരുന്നത്. ഇവർ ക്രിസ്മസ്, ഈസ്റ്റർ സീസൺ ലക്ഷ്യമിട്ടാണ് താറാവുകളെ വളർത്തിയത്. 2014 ഡിസംബർ മുതൽ ജില്ലയിൽ പക്ഷിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നു. താറാവുകൾ കൂട്ടത്തോടെ ചത്തുവീഴുന്നതിനാൽ പിടിച്ചുനിൽക്കാനാവാതെ പല കർഷകരും രംഗം വിട്ടു. 200ൽ താഴെ താറാവ് കർഷകരാണ് നിലവിലുള്ളത്. രോഗബാധിത പ്രദേശങ്ങളിൽ വളർത്തൽ സീസൺ മാറ്റിപ്പിടിക്കാനുള്ള ജില്ലാ ഭരണകൂടം ആലോചിച്ചെങ്കിലും കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് തീരുമാനം ഉപേക്ഷിച്ചു. ആഘോഷങ്ങൾ കണക്കിലെടുത്ത് സെപ്തംബർ മുതലാണ് ജില്ലയിലെ കർഷകർ താറാവുകളെ വളർത്താൻ തുടങ്ങുന്നത്.

# പ്രതിസന്ധി പലവഴിയിൽ

 താറാവ് തീറ്റയ്ക്ക് സംസ്ഥാനത്ത് കിലോയ്ക്ക് 60 രൂപ, തമിഴ്‌നാട്ടിൽ 25 രൂപ

 പാടശേഖരങ്ങളിൽ നിന്ന് ചെറുമത്സ്യങ്ങൾ കിട്ടുന്നില്ല

 തമിഴ്നാട്ടിൽ ഒരുരൂപയ്ക്ക് ലഭിക്കുന്ന അരിക്ക് സംസ്ഥാനത്ത് 20 രൂപ

തീറ്റയ്ക്കും പ്രതിരോധ വാക്സിനും ഉൾപ്പെടെ ഒരു താറാവിന് 350 രൂപയോളം ചെലവാകാറുണ്ട്. മൂന്നര മാസമാവുമ്പോൾ താറാവിന് 1.5 മുതൽ 2.5 കിലോവരെ തൂക്കം വയ്ക്കും. കിലോയ്ക്ക് 350 രൂപ നിരക്കിലാണ് വിൽക്കുന്നത്. എന്നാൽ നഷ്ടപരിഹാരമായി നാമമാത്ര തുകയാണ് ലഭിക്കുന്നത്. ഇതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്

ജോസഫ്, താറാവ് കർഷകൻ

Advertisement
Advertisement