മോഷ്ടിച്ച ബൈക്കുമായി പിടിയിലായി
Monday 27 March 2023 12:30 AM IST
വിഴിഞ്ഞം: വാഹന പരിശോധനയ്ക്കിടെ മോഷ്‌ടിച്ച വാഹനവുമായി ഒരാളെ പൊലീസ് പിടികൂടി. കോട്ടുകാൽ പുന്നക്കുളം ചപ്പാത്ത് പാലത്തിന് സമീപം മൂലക്കര കാവുവിളാകം വീട്ടിൽ നിന്ന് പുന്നക്കുളം പുത്തലം ഗുരു മന്ദിരത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അനിൽകുമാറിനെയാണ് (43) തിരുവല്ലം പൊലീസ് അറസ്റ്റുചെയ്‌തത്.
വിഴിഞ്ഞം മരുതൂർക്കോണം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ വിഴിഞ്ഞം പൊലീസാണ് ഇയാളെ പിടികൂടിയത്. കൈകാണിച്ചിട്ട് നിറുത്താതെ പോയ വാഹനത്തെ പിന്തുടർന്ന് തടഞ്ഞുനിറുത്തി നടത്തിയ പരിശോധനയിൽ 2021 ഡിസംബറിൽ തിരുവല്ലം പരശുരാമ ക്ഷേത്രകോമ്പൗണ്ടിൽ നിന്ന് മോഷണം പോയ വാഹനമാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രതിയെയും വാഹനത്തെയും വിഴിഞ്ഞം പൊലീസ് തിരുവല്ലം പൊലീസിന് കൈമാറി.