രാംസിംഗിന് പേരിട്ട ഇന്നസെന്റ്

Monday 27 March 2023 1:11 AM IST

തൃശൂരിൽ ഇന്നസെന്റിന്റെ പുസ്തക പ്രകാശനം നടക്കുമ്പോൾ പുസ്തകം പരിചയപ്പെടുത്താൻ എന്നെയാണ് അദ്ധ്യക്ഷൻ ക്ഷണിച്ചത്. ഇന്നസെന്റിന്റെ പുസ്തകങ്ങളിൽ കാണുന്ന രസകരമായ കഥാപാത്രങ്ങളെക്കുറിച്ചാണ് പറഞ്ഞ് തുടങ്ങിയത്. ആ കഥാപാത്രങ്ങളെ എല്ലാം ഇരിങ്ങാലക്കുടയിൽ കാണാം. പുസ്തകത്തിൽ പരാമർശമുള്ള കഥാപാത്രങ്ങൾ പലരും പ്രകാശനച്ചടങ്ങിന് എത്തിയിട്ടുമുണ്ട്. ഓരോരുത്തരുടെ പേരുകളിലെ കൗതുകത്തെക്കുറിച്ചും പറഞ്ഞുതുടങ്ങി. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് സിനിമയിൽ നായക കഥാപാത്രം ഗൂർഖയായി പ്രവേശിക്കുന്ന രംഗമുണ്ട്. ഹൗസിംഗ് കോളനിയുടെ കാവൽക്കാരനാകാൻ എത്തിയ ഗൂർഖ അഭ്യാസ പ്രകടനങ്ങൾ നടത്തി കോളനിക്കാരെ കയ്യിലെടുക്കുകയാണ്. പത്രത്തിൽ പരസ്യം കണ്ട് എത്തിയ ഗൂർഖയാണെന്ന് തിരിച്ചറിയുമ്പോൾ ആകാംക്ഷയോടെ ഗൂർഖയോട് ചോദിക്കുന്നു, എന്താ പേര് ?. ഭീം സിംഗ് കാ ബേട്ട രാംസിംഗ്. മോഹൻലാൽ ഈ സീനിൽ പറയുന്ന പേര് പലരും മറന്നു കാണില്ല. ഇന്നസെന്റാണ് ആ പേര് സംഭാവന ചെയ്തത്. തിരക്കഥയുടെ ചർച്ചകൾ നടക്കുന്നതിനിടെ ഒരു ദിവസം ഇന്നസെന്റ് എത്തി. ഗൂർഖയുടെ സീനായിരുന്നു ചർച്ച. ഗൂർഖയ്ക്ക് എന്ത് പേരിടുമെന്ന് ചോദിച്ചപ്പോൾ നിമിഷ നേരം കൊണ്ട് ഇന്നസെന്റ് പറഞ്ഞു. ഭീംസിംഗ് കാ ബേട്ട രാംസിംഗ്. ഇരിങ്ങാലക്കുടയിൽ സ്ഥിരമായി ഒരു ഗൂർഖ രാത്രികാലങ്ങളിൽ കറങ്ങിയിരുന്നു. ഇന്നസെന്റിന്റെ വീടിനു മുമ്പിലൂടെ വിസിലൂതി പാഞ്ഞിരുന്ന ഗൂർഖയായിരുന്നു രാംസിംഗ്. ആ പേരായിരുന്നു ഇന്നസെന്റ് ചൂണ്ടിക്കാട്ടിയത്. ആ പേരും കഥാപാത്രവും സിനിമയും ഹിറ്റായി. ഇന്നസെന്റ് പേരിട്ട കഥാപാത്രങ്ങൾ ഏറെയുണ്ട് മലയാള സിനിമയിൽ. അവരെയെല്ലാം ഇരിങ്ങാലക്കുടയിൽ ചെന്നാൽ കാണാം. അവരിൽ പലരും ഇന്നസെന്റിന്റെ സുഹൃത്തുക്കളുമാണ്. മലയാളികൾ ഇന്നസെന്റിനെ മറക്കാത്തതുപോലെ, ആ കഥാപാത്രങ്ങളും അനശ്വരരായി ശേഷിക്കുന്നു...