ചെനാബ് പാലത്തിൽ വന്ദേ ഭാരത് വരും: കേന്ദ്ര മന്ത്രി

Monday 27 March 2023 1:21 AM IST

ശ്രീനഗർ: ഉദ്ദംപൂർ,ശ്രീനഗർ,ബാരാമുള്ള റെയിൽ വേ ലിങ്ക് (യു.എസ്.ബി.ആർ.എൽ) പൂർണ്ണമായും പ്രവർത്തനക്ഷമമായാൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബിലൂടെ വന്ദേ ഭാരത് എക്‌സ്പ്രസ് അടക്കമുള്ളവ ഓടുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡിസംബറിലോ 2024 ജനുവരിയിലോ യു.എസ്.ബി.ആർ.എൽ പദ്ധതി നടപ്പാകുമെന്ന് ചെനാബ് പാലം നിർമ്മാണ സ്ഥലത്തെത്തിയ മന്ത്രി പറഞ്ഞു.

പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നതിനിടെയാണ് പ്രഖ്യാപനം. ചെനാബ് നദിക്കു മുകളിലൂടെ നിർമ്മിച്ച പാലത്തിലൂടെ വന്ദേ ഭാരത് എക്സ്പ്രസ്, വന്ദേ മെട്രോ ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾ ഉടനാരംഭിക്കുമെന്നാണ് പ്രഖ്യാപനം.

യു.എസ്.ബി.ആർ.എൽ ലിങ്ക് പ്രവർത്തനക്ഷമമാകുന്നതോടെ ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കാൻ വന്ദേ മെട്രോ വഴി സാധിക്കും. ഈ വർഷം ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലോ പദ്ധതി പൂർത്തിയാവും. പാത തയ്യാറാവുന്ന മുറയ്ക്ക് വന്ദേഭാരത് ട്രെയിനുകൾ ഓടിത്തുടങ്ങും. അവയുടെ അറ്റകുറ്റപ്പണികൾക്കായി ബദ്ഗാമിൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.നദിയിൽ നിന്ന് 359 മീറ്റർ (1178 ഫീറ്റ്) ഉയരത്തിലാണ് ചെനാബ് പാലം നിർമ്മിച്ചിരിക്കുന്നത്.

പാരീസിലെ ഈഫൽ ടവറിനെക്കാൾ 35 മീറ്ററെങ്കിലും അധികം ഉയരം വരുമിതിന്. 1.3 കിലോമീറ്റർ നീളമുള്ള പാലം കത്ര മുതൽ ബനിഹാൽ വരെ 111 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു.

Advertisement
Advertisement