തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് നാളെ

Monday 27 March 2023 1:22 AM IST

തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ചൊവ്വാഴ്ച നടക്കും. കർക്കടകം രാശിയിൽ പകൽ 1.35നും 2.30നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് ചടങ്ങ്. ഊരായ്മക്കാർ ക്ഷേത്രത്തിനകത്ത് വന്ന് നിയമവെടിക്ക് അനുവാദം നൽകിയശേഷം കുളിച്ച് മണ്ഡപത്തിലെത്തി തേവരെ എഴുന്നള്ളിക്കാൻ അനുവാദം നൽകും. തുടർന്ന് തൃക്കോൽ ശാന്തി ഭഗവാനെ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. ബ്രാഹ്മണിപ്പാട്ടും മണ്ഡപത്തിൽ പറയും കഴിഞ്ഞ് സേതുകുളത്തിൽ ആറാട്ടിനായി സ്വർണ്ണക്കോലത്തിൽ പുറത്തേക്കെഴുന്നള്ളിക്കും. ആറാട്ട് കഴിഞ്ഞെത്തിയ തേവരെ അകത്തേക്കെഴുന്നള്ളിച്ച് എതൃത്ത് പൂജ, പന്തീരടി പൂജ, ശിവേലി, ശ്രീഭൂതബലി എന്നിവ നടത്തും. പിന്നീട് പാണി കൊട്ടി പുറത്തേക്കെഴുന്നള്ളിച്ച് കിണറ്റിൻകരയിൽ ചെമ്പിലാറാട്ട്. തുടർന്ന് അത്താഴപൂജ, അത്താഴ ശീവേലി എന്നിവയുണ്ടാവും.