ഡൽഹി ആശുപത്രികളിൽ കൊവിഡ് മോക്ക് ഡ്രിൽ

Monday 27 March 2023 1:23 AM IST

ന്യൂഡൽഹി: കൊവിഡ് കേസുകളിലുണ്ടായ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ ഡൽഹി സർക്കാർ ആശുപത്രികളിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പായാണ് നടപടി. ഏപ്രിൽ 10, 11 ദിവസങ്ങളിൽ രാജ്യവ്യാപകമായി കൊവിഡ് മോക്ക് ഡ്രിൽ സംഘടിപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

ഓക്സിജൻ കരുതൽ, ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിലയിരുത്തി. ഡൽഹി ലോക് നായക് ജയപ്രകാശ് നാരായൺ ഹോസ്പിറ്റലിൽ 450 കിടക്കകൾ കൊവിഡ് അടിയന്തര സാഹചര്യത്തിനായി മാറ്റിവച്ചതായി ആശുപത്രി എം.ഡി ഡോ.സുരേഷ് കുമാർ പറഞ്ഞു. 5 പി.എസ്.എ ഓക്സിജൻ പ്ലാന്റുകളും ഡി - ടൈപ്പ് ഓക്സിജൻ സിലിണ്ടറുകളുമുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ നാല് കൊവിഡ് ബാധിതരെ പ്രവേശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ 139 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 4.98 ശതമാനമാണ് പോസിറ്റീവിറ്റി നിരക്ക്.