രാഹുലിന്റെ വായടപ്പിക്കാനാകില്ല : മല്ലികാർജുൻ ഖാർഗെ

Monday 27 March 2023 1:32 AM IST

ന്യൂഡൽഹി : രാഹുലിനായി പാർട്ടി ഒറ്റക്കെട്ടെന്നും, രാഹുലിന്റെ വായടപ്പിച്ച് കോൺഗ്രസിനെ ഇല്ലാതാക്കാമെന്ന് പ്രതീക്ഷിക്കേണ്ടെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

രാജ്ഘട്ടിൽ സങ്കൽപ് സത്യഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഒന്നിപ്പിക്കാനാണ് ചൂടും, തണുപ്പും, മഴയും, മഞ്ഞും അവഗണിച്ച് നാലായിരത്തോളം കിലോമീറ്റർ രാഹുൽ ഗാന്ധി നടന്നത്. എത്ര മണ്ണിൽ ചവിട്ടിതാഴ്‌ത്താൻ ശ്രമിച്ചാലും മുളച്ചു വരും. ജനങ്ങൾക്ക് വേണ്ടിയാണ് രാഹുലിന്റെ പോരാട്ടം. ധൈര്യമുണ്ടെങ്കിൽ കർണാടകയിൽ കേസെടുക്കട്ടെ. നീരവ് മോദിയും മെഹുൽ ചോക്‌സിയും ലളിത് മോദിയും രാജ്യത്തെ കൊളളയടിച്ച് കടന്നവരാണ്. അവരെ തുറന്നുകാട്ടുമ്പോൾ നരേന്ദ്രമോദിക്ക് വേദനിക്കുന്നതെന്തിന് ? ഒരു പ്രസംഗത്തിന്റെ പേരിലാണ് രാഹുൽ ശിക്ഷിക്കപ്പെട്ടത്. നെഹ്റു കുടുംബത്തിനും കോൺഗ്രസിനുമെതിരെ എത്രതവണയാണ് മോദി പ്രസംഗിച്ചിരിക്കുന്നത്. മോദിക്കെതിരെ അപകീർത്തിക്കേസ് നൽകി പാഠം പഠിപ്പിക്കണമായിരുന്നുവെന്നും ഖാർഗെ പറഞ്ഞു.

രാഹുലിനെ വിമർശിച്ച് യോഗി ആദിത്യനാഥ്

അസത്യത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന ഒരാൾക്ക് സത്യഗ്രഹത്തെ കുറിച്ച് പറയാനാകില്ലെന്ന് കോൺഗ്രസിന്റെ സത്യഗ്രഹസമരത്തെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സത്യഗ്രഹത്തിന്റെ വഴി കാട്ടിത്തന്നത് ഗാന്ധിയാണ്. അത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നവ‌ർക്കുളളതല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു

കോൺഗ്രസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ‌ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചിരുന്നു.

ട്വിറ്ററിൽ ബയോ മാറ്റി രാഹുൽ ഗാന്ധി

വയനാട് എം.പിയായിരുന്ന രാഹുൽ ഗാന്ധി, ട്വിറ്റർ പേജിലെ വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തുന്ന ബയോ അപ്ഡേറ്റ് ചെയ്‌തു. പാർലമെന്റ് അംഗം എന്നത് മാറ്റി അയോഗ്യനായ എം.പിയെന്ന് ചേർത്തു. ഇത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.

രാഹുലോ രാജ്യദോഹി?​: പ്രിയങ്ക

ന്യൂഡൽഹി: ഭാരതത്തെ ഒന്നിപ്പിക്കാൻ ആയിരക്കണക്കിന് കിലോമീറ്ററുകൾ നടന്ന, രക്തസാക്ഷിയായ പ്രധാനമന്ത്രിയുടെ പുത്രന് രാജ്യത്തെ ദ്രോഹിക്കാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ആ പ്രധാനമന്ത്രിയെ കൂടിയാണ് നിങ്ങൾ അപമാനിച്ചത്. ഹാർവാർഡ്,​ കേംബ്രിഡ്‌ജ് സർവകലാശാലകളിൽ പഠിച്ച രാഹുലിനെയാണ് നിങ്ങൾ പപ്പു എന്ന് വിളിച്ചത്. പിന്നീട് ബോധ്യമായി പപ്പുവല്ലെന്ന്. പാർലമെന്റിൽ നിങ്ങൾക്ക് ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച രാഹുലിനെ നിങ്ങൾ ഭയപ്പെട്ടു. അദാനിയെ കുറിച്ച് മോദിയെ ചോദ്യം ചെയ്‌തതിനാണ് രാഹുലിനെ അയോഗ്യനാക്കിയത്. ഇങ്ങനെ സംരക്ഷിക്കാൻ അദാനി ആരാണ് ?​ അദാനിയുടെ ഷെൽ കമ്പനികളിൽ 20,000 കോടി നിക്ഷേപിച്ചത് ആരെന്ന ചോദ്യം പ്രിയങ്കയും ആവർത്തിച്ചു.