'പെറ്റി പൊലീസ്' ജീവനെടുത്തു,​ എസ്.ഐയുടെ വിളയാട്ടം ഒരു കുടുംബത്തെ അനാഥമാക്കി

Monday 27 March 2023 1:58 AM IST

പൊലീസ് കംപ്ലയിന്റ് അതോറിട്ടി റിപ്പോർട്ട് തേടി

 മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറി

തിരുവനന്തപുരം/കൊച്ചി: വാഹന പരിശോധനയ്ക്കിടെ എസ്.ഐയുടെ കൈയൂക്കിനിരയായ ഇരുചക്ര വാഹനയാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചത് പാവപ്പെട്ട ഒരു കുടുംബത്തെക്കൂടി അനാഥമാക്കി. തൃപ്പൂണിത്തുറ ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ വീട്ടിൽ മനോഹരനാണ് (52) എസ്.ഐയുടെ ക്രൂരതയിൽ ഹൃദയംപൊട്ടി മരിച്ചത്. കൈകാണിച്ചു വണ്ടി നിറുത്താതെതന്നെ നിയമലംഘനത്തിന് പിഴ ചുമത്താനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് ഉണ്ടായിരിക്കെയാണ് പൊലീസിന്റെ കിരാതവാഴ്ച ഒരു ജീവൻകൂടി കവർന്നത്. കുറ്റക്കാരനായ എസ്.ഐ ജിമ്മി ജോസിനെ സസ്പെൻഡ് ചെയ്തെങ്കിലും മനോഹരന്റെ ഉറ്റവരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും രോഷത്തിന് ശമനമായില്ല. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനു മുന്നി​ൽ ശനി​യാഴ്ച രാത്രി​ തുടങ്ങി​യ പ്രതി​ഷേധം ഇന്നലെ വൈകി​യും തുടരുകയാണ്.

വീട്ടിലേക്കെത്താൻ കഷ്ടിച്ച് 50 മീറ്റർ അകലെ വച്ചാണ് പൊലീസ് കൈകാണിച്ചത്. നിറുത്താതെ മുന്നോട്ടുപോയ മനോഹരനെ ജീപ്പിൽ പിന്തുർന്ന് തടഞ്ഞാണ് എസ്.ഐ കരണത്തടിച്ച് ജീപ്പിലേക്ക് വലിച്ചിട്ടത്. കൈകാണിച്ചത് കണ്ടില്ലെന്നും മദ്യപിച്ചിട്ടില്ലെന്നും പറഞ്ഞതൊന്നും എസ്.ഐ ചെവിക്കൊണ്ടില്ലെന്ന് കണ്ടുനിന്നവർ‌ പറഞ്ഞു. മാനഹാനിയാൽ തളർന്നുനിന്ന മനോഹരനെ ജീപ്പിലേക്ക് വലിച്ചുകയറ്റാൻ മറ്റു പൊലീസുകാരും ആവേശം

കാണിച്ചു.

ജാമ്യത്തിലെടുക്കാൻ എത്തിയ സുഹൃത്തിനോട് നടന്ന സംഭവങ്ങൾ വിവരിക്കേ, സ്റ്റേഷനി​ൽ കുഴഞ്ഞുവീണ മനോഹരനെ ആശുപത്രി​യി​ലെത്തി​ച്ചപ്പോഴേക്കും മരി​ച്ചിരുന്നു. ചേരാനല്ലൂരിലെ സ്പെയർ പാർട്ട് സ്ഥാപനമടച്ച് സുഹൃത്തിനെ കണ്ടു മനോഹരൻ മടങ്ങുമ്പോഴായിരുന്നു ശനിയാഴ്ച രാത്രി​ 8.45ന് പൊലീസ് തടഞ്ഞ് കസ്റ്റഡി​യി​ലെടുത്തത്. ഭാര്യ: സിനി. മക്കൾ: അർജുൻ, സച്ചിൻ. ഇന്നലെ രാത്രി 8.30 ഓടെ ഇരുമ്പനത്തെ വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.

പിഴ ചുമത്താൻ വേറെ വഴികൾ

വാഹനം ഓടിക്കുന്നവരുടെ നിയമലംഘനം മൊബൈലിൽ എടുത്തും പിഴ ചുമത്താൻ കഴിയും. പോരാത്തതിന് വഴി നീളെ കാമറകളും ഉണ്ട്. ഇങ്ങനെ ഫോട്ടോ എടുത്ത് പിഴ ചുമത്തുന്നത് എത്രയെണ്ണമെന്ന് എഴുതി വയ്ക്കാൻ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ഉണ്ട്. ആകെ പിഴയുടെ എണ്ണത്തിൽ ഇത് വരവുവയ്ക്കുമെങ്കിലും ചില ഉദ്യോഗസ്ഥർക്ക് നേരിട്ടുളള വണ്ടിപിടിത്തത്തോടാണ് താത്പര്യം.

സർക്കാരിന് ലാഭം 290 കോടി!

വണ്ടിപിടിത്തത്തിലൂടെ സർക്കാർ ഖജനാവിലേക്ക് പ്രതിവർഷം കുറഞ്ഞത് 290 കോടി രൂപയെങ്കിലും പൊലീസ് സംഭാവന ചെയ്യുന്നുവെന്നാണ് അനൗദ്യോഗിക കണക്ക്. അതിനാൽ ഇന്നലെയുണ്ടായ ദാരുണ സംഭവത്തിന്റെ പേരിലൊന്നും പൊലീസിന്റെ വാഹന പരിശോധനയിൽ മാറ്രമുണ്ടാകാനിടയില്ല. ഓരോ സ്റ്റേഷനും നിശ്ചിത ടാർജറ്റ് വച്ചാണ് 'പിരിവ്'. ഈ ടാർജറ്റ് രേഖകളിൽ കാണില്ല. ഈ വകയിൽ ഈടാക്കുന്ന കണക്കും പൊലീസ് പുറത്തു വിടാറില്ല.

ശരീരത്തിൽ പരിക്കുകൾ

മനോഹരന്റെ ശരീരത്തിൽ നേരിയ പരിക്കുകളും ഹൃദ്രോഹ ലക്ഷണങ്ങളും ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആന്തരിക അവയവങ്ങളുടെ സാമ്പി​ൾ വിശദ പരിശോധനയ്ക്ക് അയച്ചു. മനോഹരന്റെ മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമൻ പറഞ്ഞു. മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പൊലീസ് കംപ്ലയിന്റ് അതോറിട്ടി ചെയർമാൻ ഇന്നലെ ഹിൽപാലസ് സ്റ്റേഷനിലെത്തി സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു.മനോഹരന്റെ വീട് മന്ത്രി പി. രാജീവ് സന്ദർശിച്ച് അമ്മയെയും ഭാര്യയെയും കുട്ടികളെയും ആശ്വസിപ്പിച്ചു.

'​'​മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ​ആ​ ​മോ​ൻ​ ​പ​റ​ഞ്ഞ​താ​ണ്.​ ​അ​തൊ​ന്നും​ ​പൊ​ലീ​സ് ​കേ​ട്ടി​ല്ല.​ ​ബൈ​ക്കി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങാ​ൻ​ ​പോ​ലും​ ​സ​മ​യം​ ​കൊ​ടു​ത്തി​ല്ല.​ ​ഹെ​ൽ​മ​റ്റ് ​ഊ​രി​യ​പ്പോ​ൾ​ ​ത​ന്നെ​ ​മ​നോ​ഹ​ര​ന്റെ​ ​ഇ​ട​തു​ക​ര​ണ​ത്ത് ​എ​സ്.​ഐ​ ​ഒ​റ്റ​യ​ടി​യാ​യി​രു​ന്നു.​ ​പ​ട​ക്കം​ ​പൊ​ട്ടും​പോ​ലെ​യാ​യി​രു​ന്നു​ ​ശ​ബ്ദം.​ ​അ​തി​പ്പോ​ഴും​ ​ചെ​വി​യി​ൽ​ ​മു​ഴ​ങ്ങു​ന്നു​ ​"" -​ദൃ​ക്സാ​ക്ഷി​ ​രമ