ചിരിയുടെ കിലുക്കം നിശബ്ദമായി വന്നു,ചിരിപ്പിച്ചു മടങ്ങി
' നിന്നെ ഞാൻ ക്ഷ,ണ്ണ,ച്ച,ഋ റ,ച്ച ,ഞ്ഞ.. പറയിപ്പിക്കുമെടാ..കിലുക്കത്തിലെ കിട്ടുണ്ണി' , 'കറുത്ത നിറമുള്ള
ഒരു തോക്ക് കളഞ്ഞു കിട്ടിയിട്ടുണ്ട്, റാംജി റാവുവിലെ മത്തായിച്ചൻ,പെരുവണ്ണാപുരത്തെ കാര്യസ്ഥൻ,ഡോ.പശുപതിയിലെ ഡോ.പശുപതിയെന്ന ഭൈരവൻ,സന്ദേശത്തിലെ യശ്വന്ത് സഹായി,ഗോഡ്ഫാദറിലെ സ്വാമിനാഥൻ,
വിയറ്റ്നാം കോളനിയിലെ ജോസഫ്, മിഥുനത്തിലെ കുറുപ്പ്, പവിത്രത്തിലെ എരിശേരി,പൈ ബ്രദേഴ്സിലെ ഗണേഷ് പൈ,അയാൾ കഥ എഴുതുകയാണിലെ മാമ്മച്ചൻ,ഇഷ്ടത്തിലെ ദേവസി,നന്ദനത്തിലെ കേശവൻനായർ, യാത്രക്കാരുടെ ശ്രദ്ധയ്ക്കിലെ പോൾ,മഴവിൽക്കാവടിയിലെ ശങ്കരമേനോൻ,പൊൻമുട്ടയിടുന്ന താറാവിലെ പണിക്കർ,ദേവാസുരത്തിലെ വാര്യർ, ചിന്താവിഷ്ടയായ ശ്യാമളയിലെ അച്യുതൻ നായർ,നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലെ ജോണി വെള്ളിക്കാല, കേളിയിലെ ലാസർ,തുടങ്ങി എണ്ണമറ്റ കഥാപാത്രങ്ങൾ ..ഇന്നസെന്റ് അവതരിപ്പിച്ച എത്രയെത്ര കഥാപാത്രങ്ങൾ.മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായ നടനാണ് വിടപറഞ്ഞത്.
സ്വാഭാവികനർമ്മമായിരുന്നു ഇന്നസെന്റിന്റെ പ്രത്യേകത.സിനിമയിലും ജീവിതത്തിലുമെല്ലാം ഇന്നസെന്റിന് അകമ്പടിയായി നർമ്മമുണ്ടായിരുന്നു.ജീവിതാനുഭവങ്ങളുടെ മഷിയിൽ ചാലിച്ചവയായതിനാൽ അതെല്ലാം ഓർത്തോർത്ത് ചിരിക്കാൻ വക നൽകുന്നതായിരുന്നു.ഹാസ്യനടൻ എന്നു മാറിനിർത്താവുന്നതായിരുന്നില്ല ഇന്നസെന്റിലെ നടനെ.സീരിയസ് വേഷങ്ങളും അദ്ദേഹത്തിന് നന്നായി ഇണങ്ങിയിരുന്നു.മഴവിൽക്കാവടിയും പെരുവണ്ണാപുരവും ദേവാസുരവുമെല്ലാം ഉദാഹരണം.
അധികം പഠിക്കാൻ കഴിയാത്തതിന്റെ വിഷമം ആദ്യകാലത്തൊക്കെ ഇന്നസെന്റിനുണ്ടായിരുന്നു.എന്നാൽ ആ ജീവിതാനുഭവങ്ങളെ അനുഗ്രഹമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു.ഇരിങ്ങാലക്കുടയിലെ നഗരസഭയിലേക്ക് മത്സരിച്ച അനുഭവം പറയുമ്പോൾതന്റെ പോസ്റ്ററുകൾ മതിലിൽ പതിച്ചിരിക്കുന്നത് രാത്രി ഒളിച്ചുവന്നു നോക്കി ആസ്വദിച്ച വിവരം അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.പാർലമെന്റംഗമായി അദ്ദേഹത്തെ തിരഞ്ഞെടുത്തതും നിർമ്മലമായ അദ്ദേഹത്തിന്റെ ചിരിക്കുള്ള പിന്തുണയായിരുന്നു.സത്യൻ അന്തിക്കാടിന്റെ മിക്ക സിനിമകളിലും ഇന്നസെന്റിന് പ്രധാനമായ വേഷങ്ങളുണ്ടായിരുന്നു.ഒരു നടൻ മാത്രമല്ല ഏവർക്കും പ്രിയങ്കരനായ വ്യക്തിയുമായിരുന്നു ഇന്നസെന്റ്.എഴുപത്തിയഞ്ചാം വയസിലാണ് ഇന്നസെന്റ് വിടപറഞ്ഞത്.