ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകനെ ഖലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചു

Monday 27 March 2023 6:37 AM IST

ന്യൂയോർക്ക്: യു.എസിൽ ഇന്ത്യൻ വംശജനായ മാദ്ധ്യമ പ്രവർത്തന് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ ആക്രമണം. അമൃത്പാൽ സിംഗിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് വാഷിംഗ്ടൺ ഡി.സിയിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ ലളിത് കെ. ഝാ എന്ന മാദ്ധ്യമപ്രവർത്തകനാണ് മർദ്ദനത്തിനിരയായത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഭീഷണിപ്പെടുത്തലുകളുമായെത്തിയ ഖലിസ്ഥാൻ അനുകൂലികൾ ഝായെ വടി വച്ച് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇടതു ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസും യു.എസ് സീക്രട്ട് സർവീസുമെത്തി ഇദ്ദേഹത്തെ വാനിലേക്ക് മാറ്റുകയായിരുന്നു. ലളിത് കേസ് കൊടുത്തിട്ടില്ലെന്നാണ് വിവരം. ഇന്ത്യൻ എംബസി ശക്തമായ പ്രതിഷേധം യു.എസ് അധികൃതരെ അറിയിച്ചു.

ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിനെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു ഖലിസ്ഥാൻ അനുകൂലികളുടെ പ്രതിഷേധം. ജീവനക്കാരെ ആക്രമിക്കുമെന്നും ഭീഷണിമുഴക്കി. ലണ്ടനിലും സാൻഫ്രാൻസിസ്കോയിലും അരങ്ങേറിയതുപോലെ വാഷിംഗ്ടണിലും എംബസിയെ ആക്രമിക്കാൻ പ്രതിഷേധക്കാർക്ക് പദ്ധതിയുണ്ടായിരുന്നെന്നാണ് വിവരം.

പ്രതിഷേധത്തിനായി അനുവദിക്കപ്പെട്ടിരുന്ന ഇടത്ത് നിന്ന് റോഡിന് മറുവശം സ്ഥിതി ചെയ്ത എംബസിക്ക് അരികിലേക്ക് നടന്നു നീങ്ങിയെങ്കിലും പൊലീസ് തടഞ്ഞു. ലോക്കൽ പൊലീസും യു.എസ് സീക്രട്ട് സർവീസും സുരക്ഷാ വലയം തീർത്തതിനാൽ അക്രമങ്ങളുണ്ടായില്ല. പ്രതിഷേധ സമയം തരൺജിത് സിംഗ് സന്ധു എംബസിയിൽ ഉണ്ടായിരുന്നില്ല. അക്രമങ്ങൾ ഒഴിവാക്കാൻ പൊലീസ് നടത്തിയ ഇടപെടലുകളെ ഇന്ത്യൻ എംബസി അഭിനന്ദിച്ചു.