ഗവേഷകരെ ഞെട്ടിച്ച് 2,​000 തലകൾ !

Monday 27 March 2023 6:39 AM IST

കെയ്റോ : ഈജിപ്റ്റിൽ റാംസെസ് രണ്ടാമൻ ഫറവോയുടെ പുരാതന ക്ഷേത്രത്തിൽ ചെമ്മരിയാടുകളുടെ 2,​000ത്തിലേറെ തലകൾ ഗവേഷകർ കണ്ടെത്തി. മമ്മിയുടെ രൂപത്തിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആട്ടിൻതലകൾ റാംസെസ് രണ്ടാമന്റെ ക്ഷേത്രത്തിൽ നേർച്ചയായി സമർപ്പിച്ചതാണെന്ന് കരുതുന്നു.

ചെമ്മരിയാടുകൾക്ക് പുറമേ നായ, ആട്, പശു, മാൻ തുടങ്ങിയവയുടെ മമ്മികളും ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷക സംഘം നടത്തിയ ഖനനത്തിനിടെ കണ്ടെത്തി. തെക്കൻ ഈജിപ്റ്റിൽ പുരാതന ക്ഷേത്രങ്ങൾക്കും കല്ലറകൾക്കും പ്രശസ്തമായ അബൈഡോസിലാണ് ഈ നിർണായക കണ്ടെത്തൽ.

ബി.സി 1304 മുതൽ ബി.സി 1237 വരെയുള്ള ഏഴ് ദശാബ്ദകാലത്തോളം ഈജിപ്റ്റ് ഭരിച്ച ഭരണാധികാരിയാണ് റാംസെസ് രണ്ടാമൻ. ബി.സി 2374നും ബി.സി 2140നും ഇടയിലാകാം ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നു. ചെമ്മരിയാടുകളുടെ ഇത്രയധികം തല കണ്ടെത്തിയത് അത്ഭുതപ്പെടുത്തിയെന്നും ഇത് ഭാവിയിൽ റാംസെസിന്റെ ക്ഷേത്രങ്ങളെയും അവിടുത്തെ ആരാധനാ സമ്പ്രദായങ്ങളെയും പറ്റി കൂടുതൽ കാര്യങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിക്കുമെന്ന് ഗവേഷകർ പറയുന്നു.

മമ്മികൾ കൂടാതെ 16 അടി കനമുള്ള ഭിത്തിയോട് കൂടിയ ഒരു കൊട്ടാരത്തിന്റെ അവശിഷ്ടവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതിന് 4,000 വർഷം പഴക്കമുണ്ടെന്ന് കരുതുന്നു. നിരവധി ശില്പങ്ങൾ, പാപ്പിറസ് ഇലകൾ, പുരാതന വൃക്ഷങ്ങൾ, ലെതർ വസ്ത്രങ്ങൾ, ചെരുപ്പ് തുടങ്ങിയവയുടെ ശേഷിപ്പുകളും കണ്ടെത്തി.

കെയ്റോയ്ക്ക് തെക്ക് നൈൽ നദിയുടെ തീരത്ത് 435 കിലോമീറ്ററോളം നീളത്തിൽ വ്യാപിച്ചുകിടക്കുന്ന അബൈഡോസിലാണ് സേതി ഒന്നാമന്റെ പ്രശസ്തമായ ക്ഷേത്രവും നെക്രോപൊലീസുകളും സ്ഥിതി ചെയ്യുന്നത്. ജനുവരിയിൽ നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്തെ ഖാബത്ത് അൽ - ഹവയിലെ പുരാതന കല്ലറയിൽ നിന്ന് 2,500 വർഷങ്ങൾ പഴക്കമുള്ള മുതലകളുടെ മമ്മികൾ കണ്ടെത്തിയിരുന്നു.