അമൃത് പാൽ സിംഗിനായി വ്യാപക തെരച്ചിൽ, സഹായിക്ക് അഭയം നൽകിയ ആൾ പിടിയിൽ

Monday 27 March 2023 11:01 AM IST

ചണ്ഡീഗണ്ഡ്: ഖാലിസ്ഥാൻ നേതാവ് അമൃത് പാൽ സിംഗിന്റെ സഹായിക്ക് അഭയം നൽകിയ യുവാവ് പിടിയിൽ. തേജേന്ദർ സിംഗ് എന്നയാൾക്ക് അഭയം നൽകിയ ബൽവന്ത് സിംഗ് ആണ് പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഖന്ന നഗരത്തിൽ നിന്ന് പിടിയിലായത്. ഇന്നലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ അമൃത് പാൽ സിംഗും ബൽവന്തർ സിംഗും തമ്മിൽ ബന്ധമുണ്ടെന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല. അമൃത് പാൽ സിംഗ് പട്യാലയിൽ ഒളിവിൽ കഴിയുകയാണെന്ന് പൊലീസ് അറിയിച്ചു.

പട്യാലയിൽ അമൃത്പാലിന് അഭയം നൽകിയ യുവതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസമാണ് ഇയാൾ ഇവിടെ താമസിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു. അതേസമയം, അമൃത്പാൽ കീഴടങ്ങി അന്വേഷണവുമായി സഹകരിക്കണമെന്ന് സിഖുമത ഉന്നത സംഘടന അകാൽ തക്ത് ആവശ്യപ്പെട്ടു.