ബിന്ദുവിനോട് ഷാജിയും സുഹൈലും പറഞ്ഞത് സൈലൻസറിൽ നിന്ന് പുകവരുന്നുവെന്ന്, വണ്ടി ഒതുക്കിയപ്പോൾ മുകളുപൊടി പ്രയോഗം, നാട്ടുകാർ പൊക്കിയത് 'ടിക്കറ്റ് എടുക്കാൻ' നിന്നപ്പോൾ

Monday 27 March 2023 12:02 PM IST

കുന്നത്തൂർ : യുവതിയുടെ കണ്ണിൽ മുളക് പൊടി വിതറി സ്വർണ മാല അപഹരിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി. ചവറ മുകുന്ദപുരം കരിങ്ങാട്ടിൽ വടക്കതിൽ ഷാജി (48),ഇടപ്പള്ളിക്കോട്ട നെറ്റിയാട്ട് തണ്ടളത്ത് വീട്ടിൽ സുഹൈൽ (45)എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ പതിനൊന്നോടെ ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷന് സമീപം കുറ്റിയിൽ മുക്ക് റോഡിലാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശിയായ ബിന്ദു എന്ന യുവതി റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു. ആഞ്ഞിലിമൂട്ടിൽ പോയി സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ വന്ന ബിന്ദുവിനെ മറ്റൊരു സ്കൂട്ടിയിൽ എത്തിയ രണ്ടുപേർ പിന്തുടർന്നിരുന്നു.

സ്കൂട്ടർ ഓടിച്ച് വലിയ പരിചയം ഇല്ലാത്ത ബിന്ദു പല പ്രാവശ്യം സ്കൂട്ടർ ഒതുക്കി പുറകിൽ വന്നവർക്ക് കയറി പോകാൻ സൗകര്യം ഒരുക്കിയെങ്കിലും അവർ അതിന് തയ്യാറാകാതെ പിന്തുടരുകയായിരുന്നു. തുടർന്ന് സ്കൂട്ടറിൽ വന്നവർ ബിന്ദുവിനോട് സൈലൻസറിൽ നിന്ന് പുകവരുന്നതായി പറയുകയും സഹായിക്കാനെന്ന വ്യാജേന സ്കൂട്ടറിന് അടുത്തെത്തി ബിന്ദുവിന്റെ കണ്ണിൽ മുളക് പൊടി വിതറി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബിന്ദുവും മാലയിൽ പിടിച്ചിരുന്നങ്കിലും കൂടുതൽ ഭാഗവും മോഷ്ടാക്കൾ അപഹരിച്ച് സ്കൂട്ടർ ഓടിച്ച് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോയി.

ഇതേ സമയം ബിന്ദുവിന്റെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടി എത്തുകയും ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിലടക്കം പരിശോധന നടത്തുകയും ചെയ്തു. ഈ സമയം ടിക്കറ്റ് എടുക്കാനെന്ന വ്യാജേന നിൽക്കുന്ന പ്രതികളെ കണ്ടെത്തുകയായിരുന്നു. ഇവരെ നാട്ടുകാർ തടഞ്ഞ് വയ്ക്കുകയും ഇവർ സഞ്ചരിച്ച സ്കൂട്ടർ പരിശോധിച്ചപ്പോൾ പൊട്ടിച്ചെടുത്ത മാലയുടെ ഭാഗങ്ങളും മാറുന്നതിനുള്ള വസ്ത്രങ്ങളും വാഹനത്തിൽ നിന്ന് ലഭിച്ചു. തുടർന്ന് നാട്ടുകാർ ശാസതാംകോട്ട പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.