കറുപ്പണിഞ്ഞ് പാർലമെന്റിൽ പ്രതിപക്ഷ എം പിമാർ; പ്രധാനമന്ത്രിയ്‌ക്കും അദാനിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളികൾ, ഇരു സഭകളും നിർത്തിവച്ചു

Monday 27 March 2023 1:51 PM IST

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയും അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടും പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. ബഹളം കനത്തതോടെ ലോക്‌സഭ നാല് മണിവരെയും രാജ്യസഭ രണ്ടുമണി വരെയും നിർത്തിവച്ചു. തുടർന്ന് പാർലമെന്റിൽ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ പ്രതിപക്ഷ പാർട്ടികൾ പ്ളക്കാർഡുകളുയർത്തി പ്രതിഷേധിച്ചു.

ലോക്‌സഭ രാവിലെ ചേർന്നയുടൻ തന്നെ കോൺഗ്രസ് എംപിമാർ മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിച്ചിരുന്നു. ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ എന്നീ എം.പിമാർ സഭാദ്ധ്യക്ഷന് നേരെ രാഹുലിനെ അയോഗ്യനാക്കിയ ഉത്തരവ് കീറിവലിച്ചെറിഞ്ഞു. ബഹളം കനത്തതോടെ സ്‌പീക്കർ ഓം ബിർല സഭ നാല് മണിവരെ നിർത്തിവച്ചു. മാർച്ച് 13 മുതൽ തന്നെ അദാനി വിഷയത്തിൽ സഭയിൽ പ്രതിപക്ഷാംഗങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

അദാനി വിഷയത്തിൽ രാജ്യസഭയും തടസപ്പെട്ടു. മോദിയ്‌ക്കും അദാനിയ്‌ക്കും എതിരെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. തുടർന്ന് സഭാദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ ഉച്ചയ്‌ക്ക് രണ്ടുവരെ സഭ നിർത്തിവയ്‌ക്കുകയായിരുന്നു.