ഇതാണ് മോനേ ശരിക്കും കിടുക്കാച്ചി, ഇതുവരെ കാണാത്ത സ്പെഷ്യൽ ശിങ്കാരി മേളവുമായി പെൺകൂട്ടം

Monday 27 March 2023 1:51 PM IST

കാസർകോട്: കാതുകളെ ത്രസിപ്പിക്കുന്ന ഫ്യൂഷൻ ശിങ്കാരിമേളവുമായി വനിതാകൂട്ടം ഒരുങ്ങുന്നു. ചെണ്ടമേളവും സംഗീതവും നൃത്തവും കോർത്തിണക്കി ഫ്യൂഷൻ ശിങ്കാരിമേളം ഒരുക്കുന്നത് കാസർകോട് ചെറുവത്തൂർ വടക്കേവളപ്പ്, തെക്കേവളപ്പ് ശ്രീ കമ്പിക്കാനത്ത് ആട്ടം കലാസമിതിയിലെ വനിതകളാണ്.

കഴിഞ്ഞ രണ്ടുമാസമായി ശിങ്കാരിമേളം വേദിയിൽ എത്തിക്കാനുള്ള കഠിനമായ പരിശീലനത്തിലാണ് വനിതകൾ. ഫ്യൂഷൻ ശിങ്കാരിമേളം എന്ന നൂതന പരീക്ഷണവുമായി ഈ വനിതാ കൂട്ടം ചെണ്ട, ഇലത്താളം, വീക്കൻ ചെണ്ട, വയലിൻ, കീബോർഡ് എന്നിവ ദ്രുതതാളത്തിൽ ഉപയോഗിച്ചാണ് പരിശീലനം നേടുന്നത്. നാടൻ പാട്ടുകൾ, തമിഴ്, മലയാളം പാട്ടുകളുടെ താളത്തിന് ചുവടു വെക്കുകയാണ് കലാകാരികൾ.

നിരവധി ശിങ്കാരിമേളം ട്രൂപ്പുകളെ പരിശീലിപ്പിച്ച് പരിചയസമ്പന്നനായ റോഷിത്ത് ഓർക്കുളമാണ് വനിതകളെ ശിങ്കാരിമേളം അഭ്യസിപ്പിക്കുന്നത്. പാക്കം വിഷ്ണുപ്രസാദ് വയലിനും പയ്യന്നൂരിലെ അഭയരാജ് കീബോർഡും കൈകാര്യം ചെയ്യുന്നു. മട്ടിലായി, കുട്ടമത്ത്, പൊള്ള, തെക്കേവളപ്പ്, വടക്കേ വളപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വീട്ടമ്മമാരും കൂലിപ്പണിക്കാരുമായ നിഷാ ബാബു, ടി. രജിമ, സി. ഷീല, കെ. ശാന്തി, ടി. ശാരിക, ശരണ്യ സന്തോഷ്‌, സി. ലത, കെ. സുജാത, രജനി കൃഷ്ണൻ, രാജി സന്ദീപ്, സജിത മോഹൻ, രമണി രാമചന്ദ്രൻ, അധീന ലെവൻ എന്നിവരാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഫ്യൂഷൻ ശിങ്കാരി മേളം ഒരുക്കാൻ പ്രയത്നിക്കുന്നത്. ഏപ്രിൽ രണ്ടിന് അരങ്ങേറ്റം നടത്താനുള്ള തയ്യാറെടുപ്പിലാണ് വനിതാ കൂട്ടായ്‌മ.

കലാസമിതിയുടെ വാർഷികത്തിന് ചെണ്ടകൊട്ടി ചെറിയ തോതിൽ ശിങ്കാരി മേളം മുമ്പൊക്കെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഫ്യൂഷൻ ശിങ്കാരിമേളത്തെ കുറിച്ച് കേട്ടപ്പോൾ വലിയ താല്പര്യം തോന്നി. വനിതകൾ മാത്രം ഫ്യൂഷൻ ശിങ്കാരി മേളം ഒരുക്കുന്നത് ഇതാദ്യമായാണ്. നല്ലൊരു ടീമിനെ ഉണ്ടാക്കി കേരളം മുഴുവൻ അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.

ടി. രജിമ

Advertisement
Advertisement