ഇനി ഒരു വാഹനത്തിലും ഊടുവഴിയിലൂടെ മുങ്ങാമെന്ന് കരുതണ്ട, ടോൾ കൊടുക്കാതെ പോകാനാവില്ല; ഓട്ടോമാറ്റിക് നമ്പർ പ്ളേറ്റ് റീഡിംഗ് ക്യാമറയുമായി കേന്ദ്രം
ന്യൂഡൽഹി: ദേശീയ പാതകളിൽ യാത്ര ചെയ്യുന്നതിന് നമ്മൾ പൊതുവെ ടോൾ നൽകേണ്ടതുണ്ട്. ദീർഘദൂരം പോയാലും വളരെകുറച്ച് ദൂരം പോയാലും വാഹനത്തിന്റെ കാറ്റഗറിയനുസരിച്ച് നിശ്ചിത തുക ഈടാക്കുന്നതാണ് ഇപ്പോൾ പതിവ്. എന്നാലിനി ആ പതിവ് മെല്ലെ മാറുകയാണ്. ഡൽഹി-ഗുരുഗ്രാം എക്‌സ്‌പ്രസ് വേയിലാണ് പുതിയ രീതി വരുന്നത്. 29 കിലോമീറ്റർ നീളമുള്ള ഈ ദേശീയപാതയിൽ എത്ര ദൂരമാണോ സഞ്ചരിച്ചത് അത്ര ദൂരത്തിന് മാത്രമുള്ള പണം നൽകിയാൽ മതി.
എകസ്‌പ്രസ് വേയിൽ സ്ഥാപിച്ചിരിക്കുന്ന ഓട്ടോമാറ്റിക് ക്യാമറകൾ ഈ റോഡിലൂടെ പോകുന്ന വാഹനങ്ങളെ തിരിച്ചറിയും. എത്രദൂരമാണ് വാഹനം ഓടിയതെന്ന് കണക്കുകൂട്ടിയ ശേഷം ഫാസ്‌റ്റ്‌ടാഗ് സംവിധാനം വഴി പണം ഈടാക്കും. ഓട്ടോമാറ്റിക് നമ്പർ പ്ളേറ്റ് റീഡിംഗ് സംവിധാനമുള്ള ക്യാമറ(എഎൻപിആർ) ആണ് ഇതിനുപയോഗിക്കുക. എക്‌സ്‌പ്രസ് ഹൈവേയിൽ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമുള്ള വഴികളിലെല്ലാം ഈ ക്യാമറകളുണ്ടാകും. ആറ് മാസത്തിനകം ഇവ ഹൈവേയിൽ പൂർണസജ്ജമാകും. സംവിധാനം നിലവിൽ വരുന്നതോടെ ഇപ്പോൾ നിലവിലുള്ള ഖേർകി ദൗള ടോൾ പ്ളാസ എടുത്തുകളയും.പൂർണമായും എഎൻപിആർ ക്യാമറ ഉപയോഗിച്ച് ടോൾ പിരിക്കുന്നതിനാൽ ടോൾ പ്ളാസയിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കാം.
രാജ്യത്തെ ടോൾ നിരക്കിൽ ഏപ്രിൽ മുതൽ അഞ്ച് മുതൽ 10 ശതമാനംവരെ വർദ്ധന ഉണ്ടാകുമെന്നാണ് വിവരം.ചെറിയ വാഹനങ്ങൾക്ക് അഞ്ച് ശതമാനവും വലിയ വാഹനങ്ങൾക്ക് 10 ശതമാനം വർദ്ധനവുമാണ് ഉണ്ടാകുക. റോഡ്-ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ പുതിയ നിരക്ക് നിലവിൽ വരും.