എട്ടാം ക്ളാസ് വിദ്യാഭ്യാസമുള്ള ഇന്നസെന്റ് മതി തന്റെ മകന് ആദ്യക്ഷരം കുറിക്കാൻ എന്ന് നാഷണൽ അവാർഡ് നേടിയ ആ നടൻ തീരുമാനിച്ചു

Monday 27 March 2023 4:01 PM IST

എട്ടാം ക്ളാസിൽ പലവട്ടം പഠിച്ച വിദ്യാഭ്യാസം മാത്രമുള്ള ഇന്നസെന്റിനെ അറിവിന്റെ യൂണിവേഴ്‌സിറ്റി എന്നാണ് സുഹൃത്തുക്കൾ വിളിച്ചിരുന്നത്. ജീവിതാനുഭവവും നേതൃപാഠവവും ഇന്നച്ചനോളമുള്ള സഹപ്രവർത്തകൻ മറ്റൊരാളില്ല എന്നും പല നടന്മാരും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് നടൻ സലിംകുമാർ തന്റെ രണ്ടാമത്തെ മകന് വിദ്യാരംഭം കുറിയ‌്ക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി ഇന്നസെന്റാണെന്ന് തിരിച്ചറിഞ്ഞത്. ഒരിക്കൽ ഒരു അഭിമുഖത്തിൽ അതേക്കുറിച്ച് ചോദിച്ചപ്പോൾ ഇന്നസെന്റ് നൽകിയ മറുപടി ഇപ്രകാരമായിരുന്നു.

''സലിം കുമാറിന്റെ ആദ്യത്തെ മകനെ മഹാരാജാസിലെ മിടുക്കനായ ഒരു പ്രൊഫസറാണ് എഴുത്തിനിരുത്തിയത്. ആ സലിം കുമാർ എന്നടോ പറഞ്ഞു രണ്ടാമത്തെ മകൻ ആരോമലിനെ ചേട്ടൻ തന്നെ എഴുത്തിനിരുത്തണം. അതുവേണ്ടെടാ എന്റെ വിദ്യാഭ്യാസമൊക്കെ ഭയങ്കര മോശമാണ്, ഒരിക്കലും ശരിയാകില്ലാന്ന് പറഞ്ഞിട്ടും സലിം കുമാർ കേട്ടില്ല. എനിക്ക് ചേട്ടന്റെ വിദ്യാഭ്യാസമല്ല വേണ്ടത്. അതല്ലാതെയുള്ള കഴിവുകൾ ചേട്ടനുണ്ട് എന്നായിരുന്നു അവന്റെ മറുപടി.

അതുകേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. എന്റെ വീട്ടിൽ തന്നെ സഹോദരിമാർക്കൊക്കെ ഒരുപാട് കുട്ടികളുണ്ട്. പക്ഷേ അവർക്കൊന്നും ഇതുവരെ തോന്നാത്ത കാര്യമല്ലേ സലിം പറഞ്ഞതെന്ന് വിചാരിച്ചായിരുന്നു സന്തോഷം''.

അഞ്ചു പതിറ്റാണ്ടിലേറെ നർമ്മവും ഗൗരവവും നിറഞ്ഞ വിവിധ വേഷങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന നടനും മുൻ പാർലമെന്റ് അംഗവും താരസംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റുമായ ഇന്നസെന്റ് ഇന്നലെയാണ് അന്തരിച്ചത്. 75 വയസായിരുന്നു. ലേക്‌ഷോർ ആശുപത്രിയിൽ രാത്രി 10.30 നായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടത്തും.

Advertisement
Advertisement