ആറു സ്ത്രീകൾ , 13 പുരുഷൻമാർ, അന്യസംസ്ഥാന തൊഴിലാളികളുടെ വാടകവീട്ടിൽ അനാശാസ്യമെന്ന് പരാതി,​ വീട് വളഞ്ഞ് നാട്ടുകാർ, ഒടുവിൽ പൊലീസെത്തിയപ്പോൾ സംഭവിച്ചത്

Monday 27 March 2023 6:36 PM IST

കണ്ണൂർ : അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകവീട്ടിൽ അനാശാസ്യം നടക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ വീടുവളഞ്ഞു. ഇന്നലെ രാത്രി എട്ടുമണിയോടെ പാപ്പിനിശേരി കാട്ടിയത്താണ് സംഭവം. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെയുള്ള അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട് കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവർത്തനമെന്ന് ആരോപണമുയർന്നത്.

തുടർന്ന് മൂന്നുറോളം പേർ വീട് വളഞ്ഞു. അനാശാസ്യ പ്രവർത്തനത്തിനായി ഇന്നലെ വൈകിട്ട് ചാലോട് ഭാഗത്ത് താമസിക്കുന്ന കൂടുതൽ തൊഴിലാളികൾ ഇവിടേക്ക് എത്തിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആറുസ്ത്രീകളും 13 പുരുഷൻമാരുമാണ് ഈ സമയം വാടകവീട്ടിൽ ഉണ്ടായിരുന്നത്. നാട്ടുകാരിൽ ചിലർ വളപട്ടണം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതോടെ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിച്ചു. വാതിലടച്ച് അകത്തിരുന്ന തൊഴിലാളികളോട് വാതിൽ തുറക്കാൻ പൊലീസ് ആവശ്യപ്പെട്ടു, ഇതിനിടെ നാട്ടുകാരിൽ ചിലർ ബലപ്രയോഗത്തിലൂടെ വാതിൽ തുറന്ന് അകത്തുകടക്കാനും ശ്രമം നടത്തി. വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടക്കുന്നുവെന്ന് വ്യക്തമായതോടെ തൊഴിലാളികളെ വാടകവീട്ടിൽ നിന്ന് പൊലീസ് പൂർണമായി ഒഴിപ്പിച്ചു.

സംഭവത്തിൽ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പാപ്പിനിശേരി കാട്ടിയം പട്ടേരി ഹൗസിൽ ഉമേഷിനെ പൊലീസ് അറസ്റ്റു ചെയ്തു.