വാഹന പരിശോധനയോ മനുഷ്യവേട്ടയോ?

Tuesday 28 March 2023 12:00 AM IST

കേരളത്തിൽ ഗതാഗത നിയമലംഘനം പിടികൂടാൻ പാതവക്കിൽ പതുങ്ങിനില്‌ക്കാറുള്ള പൊലീസിന്റെ ഇരകൾ എപ്പോഴും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന ഇടത്തരക്കാരും ജനസംഖ്യയിൽ കൂടുതൽ വരുന്ന സാധാരണക്കാരുമാണ്. ഇരയെ കാത്തിരിക്കുന്ന ഹിംസ്രജന്തുക്കളെപ്പോലെയാണ് പൊലീസ് പലപ്പോഴും ചാടിവീഴുന്നത്. നിയമലംഘനം പിടിക്കാൻ പരിഷ്‌കൃതവും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്തതുമായ നിരവധി മാർഗങ്ങളുണ്ട്. പൊതുനിരത്തുകളിൽ ഇരുചക്രവാഹനക്കാർ തുടർച്ചയായി വേട്ടയാടപ്പെടുകയും ക്രൂരവിനോദത്തിനിടയിൽ നിരപരാധികളായ പലർക്കും ജീവഹാനി സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പൊലീസ് തലപ്പത്തുനിന്ന് വാഹനപരിശോധനയിൽ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് തുടരെത്തുടരെ സർക്കുലറുകൾ ഇറങ്ങിയത്. ബഹുമാനപ്പെട്ട ഹൈക്കോടതിയും പലവട്ടം പൊലീസിന് താക്കീതു നൽകിയിട്ടുണ്ട്. പക്ഷേ സംസ്ഥാനത്ത് നിത്യേനയെന്നോണം വാഹന പരിശോധനയുടെ പേരിൽ വാഹനയാത്രക്കാർ പൊലീസ് അതിക്രമത്തിന് ഇരകളാകേണ്ടിവരുന്ന അത്യധികം ലജ്ജാകരവും ആഭാസകരവുമായ സ്ഥിതിവിശേഷമാണുള്ളത്. ഇക്കഴിഞ്ഞ ശനിയാഴ്ച തൃപ്പൂണിത്തുറ ഇരുമ്പനത്ത് പൊലീസ് നടത്തിയ വാഹനവേട്ട പാവപ്പെട്ട ഒരു കുടുംബത്തെക്കൂടി അനാഥമാക്കിയതിന്റെ ഞെട്ടലിലാണ് സമൂഹവും ജനങ്ങളും.

വീട്ടിലേക്കുള്ള ഇടവഴിയിൽ വച്ചാണ് തൃപ്പൂണിത്തുറ ഹിൽപാലസ് എസ്.ഐ ജിമ്മിജോസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം മനോഹരൻ എന്ന അൻപത്തിരണ്ടുകാരനെ തടഞ്ഞുനിറുത്തി കരണത്തടിച്ചതും ബലമായി ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചതും. പൊലീസ് കൈകാണിച്ച ഉടനെ ബൈക്ക് നിറുത്താത്തതിന്റെ പേരിലായിരുന്നു മർദ്ദനമുറകൾ. സ്റ്റേഷനിലെത്തി അധികം കഴിയുംമുമ്പേ കുഴഞ്ഞുവീണ മനോഹരനെ പൊലീസുകാർതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പോസ്റ്റ്‌‌മോർട്ടം റിപ്പോർട്ട്. കാരണം എന്തുതന്നെയായാലും ഒരു സാധാരണ കുടുംബത്തിന്റെ അത്താണിയായിരുന്ന മനോഹരന്റെ ആകസ്‌മിക മരണത്തിൽ പൊലീസിന്റെ പങ്ക് തള്ളിക്കളയാനാകില്ല. തൊപ്പി തലയിലും കാക്കി ശരീരത്തിലും കയറുമ്പോൾ പൈശാചികത്വം പുറത്തുചാടുന്ന ഈ സബ് ഇൻസ്‌പെക്ടറെപ്പോലെ നിരവധി പേർ സംസ്ഥാന പൊലീസ് സേനയിലുണ്ട്. വാഹന പരിശോധനയുടെ മറവിൽ നിരപരാധികളെ മർദ്ദിക്കാനും സ്റ്റേഷനിൽ കൊണ്ടുപോയി ഭേദ്യം ചെയ്യാനും ആരാണ് ഇവർക്ക് അധികാരം നല‌്‌കിയത്. അഥവാ ഗതാഗതനിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ അതിനു നിയമാനുസൃതം നടപടിയെടുക്കുകയല്ലേ വേണ്ടത്? വാഹനത്തിന്റെ നമ്പർ നോട്ട് ചെയ്ത് പിഴശിക്ഷ ഫോൺ വഴി അറിയിക്കുന്ന സമ്പ്രദായം പ്രാബല്യത്തിലുള്ളപ്പോൾ കരണത്തടിക്കാനും ആളെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പൊലീസ് മുറകൾക്കു വിധേയനാക്കാനും ശ്രമിക്കുന്നത് അധികാര ദുർവിനിയോഗമാണ്. ഇത്തരത്തിൽ നിയമം കൈയിലെടുക്കുന്ന പൊലീസുകാരെ വേണ്ടവിധം ശിക്ഷിക്കാൻ മടിക്കുന്നതാണ് ഇതുപോലുള്ള കസ്റ്റഡി മരണങ്ങൾ തുടർച്ചയായി ആവർത്തിക്കാൻ കാരണം.

പതിവുപോലെ തൃപ്പൂണിത്തുറ സംഭവത്തിൽ പൊലീസ് കംപ്ളയിന്റ് അതോറിട്ടിയും മനുഷ്യാവകാശ കമ്മിഷനുമൊക്കെ റിപ്പോർട്ട് തേടിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ചിനെ അന്വേഷണത്തിന് നിയോഗിച്ചതിനൊപ്പം സംഭവത്തിനു കാരണക്കാരനായ എസ്.ഐയെ സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്. എന്നാൽ ഇത്തരം സാധാരണ നടപടികൾ കൊണ്ടൊന്നും പാവപ്പെട്ട ഒരു കുടുംബത്തിനു നേരിട്ട വലിയനഷ്ടം ഇല്ലാതാകാൻ പോകുന്നില്ല. ഭാവിയിൽ ഇത്തരം കാട്ടാളത്തത്തിൽനിന്ന് പൊലീസുകാരെ പിന്തിരിപ്പിക്കാൻ ലഘുവായ നടപടികൾ ഉപകരിക്കണമെന്നില്ല. സംഭവത്തിൽ പങ്കാളികളായ മുഴുവൻ പൊലീസുകാർക്കെതിരെയും പ്രോസിക്യൂഷൻ നടപടി എടുക്കണം. ഹൃദ്രോഗം കൊണ്ടാണ് മനോഹരൻ മരിച്ചതെന്ന് വരുത്തിത്തീർത്ത് കൈകഴുകാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. ഈ മരണത്തിന് പരോക്ഷമായെങ്കിലും കാരണക്കാർ ഹിൽപാലസ് സ്റ്റേഷനിലെ പൊലീസുകാരാണ്.

Advertisement
Advertisement