'അദാനിക്കെതിരെ  സർക്കാരിനെങ്ങനെ  നടപടിയെടുക്കാൻ കഴിയും? ധനകാര്യ  മന്ത്രാലയത്തിനെതിരെ ആഞ്ഞടിച്ച് മഹുവ  മൊയ്‌ത്രയുടെ പോസ്റ്റ്

Monday 27 March 2023 7:01 PM IST

ന്യൂഡൽഹി: അദാനി വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി തൃണമൂൽ എം പി മഹുവ മൊയ്‌ത്ര. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഓഫ്ഷോർ ഷെൽ കമ്പനികളെക്കുറിച്ചുള്ള ഡേറ്റ ലഭ്യമല്ലെന്ന് കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയിൽ രേഖാമൂലം നൽകിയതിന് മറുപടിയായാണ് വിമർശനം.

'അദാനിക്കെതിരെ സർക്കാരിനെങ്ങനെ നടപടിയെടുക്കാൻ കഴിയും? ഷെൽ സ്ഥാപനത്തിന്റെ അർത്ഥമെന്താണെന്ന് ധനകാര്യ മന്ത്രാലയത്തിനറിയില്ല. രാജ്യസഭയിൽ എഴുതി നൽകിയ മറുപടിയിൽ അത് സംബന്ധിച്ച സൂചനയില്ല. അതുകൊണ്ടുതന്നെ നടപടിയുമില്ല.' എന്നാണ് മഹുവ മൊയ്‌ത്ര ട്വീറ്റ് ചെയ്തത്. ട്വീറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും ടാഗ് ചെയ്തിട്ടുണ്ട്.

അദാനി ഗ്രൂപ്പിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തി കഴിഞ്ഞ ജനുവരിയില്‍ പുറത്തുവിട്ട 106 പേജുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു. ഇതിൽ സർക്കാരിനും പങ്കുണ്ടെന്ന് പ്രതിപക്ഷം വിമർശനം നടത്തിവരുകയാണ്. അദാനിയുടെ പണ ഇടപാട് സംബന്ധിച്ച് സെബിയും (SEBI) ഇ ഡിയും ആദായനികുതി വകുപ്പും അന്വേഷിക്കണമെന്ന് മഹുവ മൊയ്‌ത്ര ആവശ്യപ്പെട്ടിരുന്നു. കള്ളം പറയുന്നതും വ്യാജരേഖകൾ ചമയ്ക്കുന്നതും ക്രിമിനൽ കുറ്റമാണെന്നും അവർ ട്വീറ്റിൽ കുറിച്ചു.

മാർച്ച് 13 മുതൽ തന്നെ അദാനി വിഷയത്തിൽ സഭയിൽ പ്രതിപക്ഷാംഗങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇന്നും അദാനി വിഷയത്തിൽ രാജ്യസഭ തടസപ്പെട്ടു. മോദിയ്‌ക്കും അദാനിയ്‌ക്കും എതിരെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. തുടർന്ന് സഭാദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ ഉച്ചയ്‌ക്ക് രണ്ടുവരെ സഭ നിർത്തിവയ്‌ക്കുകയായിരുന്നു.