അഗ്രത അവാർഡ് നിറവിൽ രഞ്ജിനിയും ഹിമയും

Tuesday 28 March 2023 1:44 AM IST

കിളിമാനൂർ: വീൽചെയറിൽ ജീവിതത്തോട് പോരാടി വിധിയെ തോല്പിച്ച യുവതികളെ തേടി എത്തിയത് അഗ്രത അവാർഡ്. ജവിതത്തിലെ നീറുന്ന അവസ്ഥയിലും അംഗീകാരം നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇരുവരും. കിളിമാനൂർ പുല്ലയിൽ ചെറുക്കാരത്ത് സ്വപ്‌നകൂടിൽ രഞ്ജിനി (33)യും, കിളിമാനൂർ കടവിള പ്രണവത്തിൽ ഹിമ മനുകുമാറു (40)മാണ് പുരസ്കാരത്തിന് അർഹരായത്. ഇവർക്കുള്ള പുരസ്കാരം മന്ത്രി ജെ. ചിഞ്ചു റാണി സമ്മാനിച്ചു. മൂന്നാം വയസിൽ സ്‌പൈനൽ മാസ്‌കുലർ അട്രോഫി രോഗത്തിനടിമപ്പെട്ട രഞ്ജിനി അന്നു മുതൽ വീൽ ചെയറിലാണ് ജീവിതം തള്ളിനീക്കുന്നത്. കിളിമാനൂർ പാപ്പാല ആനപ്പാറ വീട്ടിൽ ശിവരാജൻ ആശാരിയുടെയും ശാന്തയുടെയും മകളാണ് രഞ്ജിനി. മൈറ്റോ കോണ്ട്രിയൽ മയോപതി രോഗ ബാധിതയായ ഹിമ കഴിഞ്ഞ പതിനാറ് വർഷമായി വീൽ ചെയറിൽ ജീവിതം തള്ളിനീക്കുന്നത് ഭർത്താവ് മനുകുമാർ ഡ്രൈവറാണ്. തദ്ദേശ സ്വയംഭരണ വകുപ്പ്,​ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ, വനിതാ ശിശു വികസന വകുപ്പ്, തിരുവനന്തപുരം നെഹ്‌റു യുവകേന്ദ്ര എന്നിവ സംയുക്തമായാണ് അഗ്രത 2023 എന്ന പരിപാടി സംഘടിപ്പിച്ചത്. രഞ്ജിനിക്ക് മികച്ച സംരംഭകയ്ക്കും, ഹിമക്ക് മികച്ച കർഷകയ്ക്കുമാണ് അവാർഡ് നേടിയത്. വീൽ ചെയറിൽ ദിനങ്ങൾ തള്ളിനീക്കുമ്പോഴും ഇവർ തോൽക്കാൻ തയ്യാറല്ലായിരുന്നു. രഞ്ജിനി പേപ്പർ പേനകളും, നെറ്റിപട്ടങ്ങളും നിർമ്മിച്ച് വിൽക്കുമ്പോൾ ഹിമ പൂന്തോട്ട കൃഷിയിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

Advertisement
Advertisement