ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി,​ കൈക്കൂലി കേസിൽ ബിജെപി എം എൽ എ വിരുപാക്ഷപ്പ അറസ്റ്റിൽ

Monday 27 March 2023 9:03 PM IST

ബംഗളൂരു: കൈക്കൂലി കേസിൽ പ്രതിയായ കർണാടകയിലെ ബി.ജെ.പി എം.എൽ.എ മാഡൽ വിരുപാക്ഷപ്പ അറസ്റ്റിൽ. തുംകുരുവിലെ ക്യാതസാന്ദ്ര ടോൾപ്ലാസയ്ക്ക് സമീപത്ത് വച്ച് കർണാടക ലോകായുക്ത പൊലീസാണ് എം.എൽ.എയെ അറസ്റ്റ് ചെയ്തത്. വിരൂപാക്ഷപ്പ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ലോകായുക്ത പൊലീസിന്റെ മിന്നൽ റെയ്‌ഡിൽ വിരുപാക്ഷപ്പയുടെ മകന്റെ വീട്ടിൽ നിന്നടക്കം എട്ടുകോടിയിലേറെ രൂപ പിടിച്ചെടുത്തിരുന്നു. കേസിൽ ഒന്നാംപ്രതിയായതിന് പിന്നാലെ വിരൂപാക്ഷപ്പ ഒളിവിൽ പോയിരുന്നു. കെ.എസ്.ഡി.എൽ ഓഫീസിൽ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മകൻ പ്രശാന്ത ആണ് കേസിലെ രണ്ടാംപ്രതി. കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ ചെയർമാനായിരുന്നു വിരുപാക്ഷപ്പ.

മൈസൂർ സാൻഡൽ സോപ്പ് നിർമ്മാതാക്കളായ കെ.എസ്.ഡി,​എല്ലിന് അസംസ്കൃത വസ്തുക്കൾ നൽകുന്ന കെമിക്സിൽ കോർപ്പറേഷൻ ഉടമയിൽ നിന്ന് മകൻ കൈക്കൂലി വാങ്ങിയത് എം.എൽ.എയ്ക്ക് വേണ്ടിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Advertisement
Advertisement