അക്രമിയുടെ സ്കൂട്ടർ നീലയോ വെള്ളയോ? തിരിച്ചറിയാനാകാതെ പൊലീസ്

Tuesday 28 March 2023 5:08 AM IST

തിരുവനന്തപുരം: പാറ്റൂർ വീട്ടമ്മയ്ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ അക്രമി സഞ്ചരിച്ച സ്കൂട്ടറിന്റെ നിറം പോലും തിരിച്ചറിയാനാകാതെ പൊലീസ്. വെള്ള നിറത്തിലുള്ള സ്കൂട്ടറിലാണ് അക്രമിയെത്തിയതെന്ന സംശയം വീട്ടമ്മ ഉന്നയിച്ചിരിക്കെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ ഇത് നീലനിറമായി തോന്നുന്നത് അന്വേഷണ സംഘത്തെയും ആശയക്കുഴപ്പത്തിലാക്കി. ദൃശ്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി കൂടുതൽ സാങ്കേതിക പരിശോധനകൾ നടത്താനാണ് പൊലീസ് നീക്കം.

വീട്ടമ്മയെ ഇയാൾ പിന്തുടരുന്നത് മുതൽ അക്രമിച്ച് തിരികെ പോകുന്നത് വരെയുള്ള ദൃശ്യങ്ങളിൽ വാഹനമോ ആളെയോ വ്യക്തമാകാത്ത സാഹചര്യത്തിൽ ബാട്ടൺഹിൽ, കണ്ണമ്മൂല, പാറ്റൂർ ജംഗ്ഷൻ, പൊട്ടക്കുഴി ഭാഗങ്ങളിലേക്കുളള കൂടുതൽ സി.സിടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. രേഖാചിത്രത്തിന്റെ സാദ്ധ്യതകളടഞ്ഞതോടെ കാമറ ദൃശ്യങ്ങൾ മാത്രമാണ് പൊലീസിന്റെ ആശ്രയം. വാഹനത്തിന്റെ രജിസ്ട്രേഷൻ സ്ഥലമെങ്കിലും വ്യക്തമായാൽ എങ്ങനെയും അക്രമിയെ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. സമാന സ്വഭാവമുളള കുറ്റകൃത്യങ്ങളിൽ മുമ്പ് പിടിക്കപ്പെട്ട പ്രതികളെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ മുമ്പ് പ്രതിയായ ചിലരെ വിവിധ സ്റ്റേഷനുകളിൽ വിളിച്ചുവരുത്തി മൊഴിയെടുത്തശേഷം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ കാൾ രേഖകളുടെ വിശദാംശങ്ങളും ടവർ ലൊക്കേഷനുകളും പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെപ്പറ്റി യാതൊരു സൂചനയുമില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച് നാഗരാജു വെളിപ്പെടുത്തി.

Advertisement
Advertisement