എം ജി കോളേജ് ഗ്രൗണ്ടിൽ വൻ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം, രണ്ട് ഏക്കറോളം വരുന്ന സ്ഥലം കത്തിനശിച്ചു

Tuesday 28 March 2023 2:20 PM IST

തിരുവനന്തപുരം: എം.ജി കോളേജിൽ വൻ തീപിടിത്തം. രണ്ട് ഏക്കറോളം വരുന്ന ഗ്രൗണ്ടാണ് ഇന്നലെ കത്തിയമർന്നത്. കോളേജിൽ ക്ലാസ് നടക്കവേ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. തീ വലിയ രീതിയിൽ ഉയരുന്നത് കണ്ട കോളേജ് അധികൃതർ ഉടൻ ചെങ്കൽചൂള ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും തീ കൂടുതൽ സ്ഥലത്തേക്ക് ആളിപ്പടർന്നിരുന്നു. കോളേജിലെ പ്രധാന ഗേറ്റിന്റെ വലത് വശത്തെ ഗ്രൗണ്ട് മുതൽ കോളേജ് ഹോസ്റ്റലിന്റെ മുന്നിലുള്ള സ്ഥലത്ത് വരെയാണ് തീ പടർന്നത്.

രണ്ട് ഏക്കറോളം സ്ഥലത്തെ പുല്ലും മരവും കത്തിനശിച്ചെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ വൈദ്യുതി പോസ്റ്റിലെ കേബിളുകളും തീപിടിത്തത്തിൽ ഉരുകി പോയി. ചെങ്കൽചൂള ഫയർസ്റ്രേഷനിലെ മൂന്ന് യൂണിറ്റെത്തിയാണ് തീയണച്ചത്.

തീയണച്ചത് മൂന്നര മണിക്കൂർ പണിപ്പെട്ട്

മൂന്ന് യൂണിറ്റ് ആദ്യം വെള്ളമൊഴിച്ച് തീ നിയന്ത്രണവിധേയമാക്കി. വെള്ളം തീരുന്നത് അനുസരിച്ച് വീണ്ടും നിറച്ചാണ് തീ പൂർണമായും കെടുത്തിയത്. ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച് വൈകിട്ട് 4.30നാണ് പൂർണമായും തീകെടുത്തിയത്.ചെങ്കൽചൂള സ്റ്റേഷൻ ഓഫീസർ നിതിൻ രാജിന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒമാരായ ബൈജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസമാരായ സബിൻ,അനീഷ്,രഞ്ജിത്ത്,സനു,ഭജൻ,ബിജു തുടങ്ങിയ 20 അംഗ ഉദ്യോഗസ്ഥർ ചേർന്നാണ് തീയണച്ചത്.

തീപടർന്നത് ചവർ കത്തിച്ചപ്പോഴെന്ന് നിഗമനം

പുറത്തെ റോഡിൽ കൂട്ടിയിട്ട് കത്തിച്ച ചവറിൽ നിന്ന് തീപടർന്നെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.സാധാരണ നഗരസഭയിലെ ശുചീകരണ ജീവനക്കാർ ഇവിടെ ചവറ് കൂട്ടിയിട്ട് കത്തിക്കാറുണ്ട്. കത്തി കഴിഞ്ഞ് അവർ വെള്ളമൊഴിച്ച് കെടുത്തിയിട്ടാണ് മടങ്ങുന്നത്. കോളേജ് ഗ്രൗണ്ടിന്റെ അകത്ത് നിൽക്കുന്ന മരങ്ങളിലെ വള്ളികൾ റോഡിലേക്ക് പടർന്ന് കിടക്കുന്നുണ്ട്. ചിലപ്പോൾ അത് വഴി തീ പടർന്ന് കയറിയെന്നാണ് സംശയിക്കുന്നത്.

ആശങ്കയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും

വലിയ രീതിയിൽ തീപിടിച്ചപ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും പരിഭ്രാന്തരായി. പുക ഉയർന്ന് ക്ളാസിലേയ്ക്കും വന്നതോടെ എല്ലാവരും ക്ളാസിന് പുറത്തെത്തി. പല വിദ്യാർത്ഥികളും തീ അണയ്ക്കാൻ മുന്നോട്ട് വന്നെങ്കിലും അദ്ധ്യാപകർ തടഞ്ഞു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പോലും സാഹസപ്പെട്ടാണ് തീയണച്ചത്. സംഭവത്തെപ്പറ്റി അന്വേഷിക്കാനാണ് കോളേജ് അധികൃതരുടെ തീരുമാനം.