തള്ളിയാൽ പൊളിയുന്ന ഷട്ടർ, കാറ്റടിച്ചാൽ ആടിയുലയുന്ന മേൽക്കൂര; മ്യൂസിയത്തെ ആധുനിക കച്ചവട കേന്ദ്ര നിർമ്മാണത്തിൽ അപാകതയെന്ന്

Tuesday 28 March 2023 6:52 AM IST

തിരുവനന്തപുരം: കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത മ്യൂസിയം ആർ.കെ.വിറോഡിലെ 40 ആധുനിക കച്ചവട കേന്ദ്രങ്ങളുടെ നിർമ്മാണത്തിൽ വൻ പാളിച്ചയെന്ന് ആക്ഷേപം. ആഞ്ഞൊന്നു തള്ളിയാൽ പൊളിയുന്ന പി.വി.സി ഷട്ടറുകളും കാറ്റടിച്ചാൽ ഏതുനിമിഷവും ഇളകി വീഴാവുന്ന മേൽക്കൂരയുമാണ് കെട്ടിടങ്ങൾക്കുള്ളതെന്നും മുമ്പ് ഇവിടെയുണ്ടായിരുന്ന തങ്ങളുടെ ഷെഡുകൾക്ക് ഇതിലും ബലമുണ്ടെന്നും കച്ചവർക്കാർ സാക്ഷ്യപ്പെടുത്തുന്നു.

നിർമ്മാണസമയത്ത് പരിശോധന നടത്തേണ്ട സ്മാർട്ട് സിറ്റി അതിൽ വീഴ്ച വരുത്തിയെന്ന് നഗരസഭ കണ്ടെത്തി. ഇരുമ്പിന്റെ ഷട്ടറുകൾക്ക് പകരമാണ് ബലമില്ലാത്ത പി.വി.സി ഷട്ടറുകൾ ഘടിപ്പിച്ചിരിക്കുന്നത്. കച്ചവടക്കാർ രാത്രി കടയടച്ച് പോകുമ്പോൾ മറ്റൊരാൾക്ക് ഇവ നിഷ്പ്രയാസം തുറക്കാനാവും. മേൽക്കൂരയും തട്ടിക്കൂട്ടെന്നാണ് ആരോപണം. അപാകതകൾ ചൂണ്ടിക്കാട്ടി കച്ചവടക്കാർ പരാതിയുമായി നഗരസഭയെ സമീപിച്ചു. മേയർ പരാതി അന്വേഷിക്കാൻ സ്മാർട്ട് സിറ്റിയോട് നിർദ്ദേശിച്ചു.തുടർന്നുള്ള പരിശോധനകളിൽ പാളിച്ചകൾ ഉറപ്പിക്കുകയായിരുന്നു

കരാറുകാരന്റെ പാളിച്ചയെന്ന്

സ്മാർട്ട്സിറ്റി നിർമ്മാണ പ്രവൃത്തികൾ കരാർ നൽകിയാണ് പൂർത്തിയാക്കിയത്.നിർമ്മാണ വേളയിലെ പി.വി.സി ഷട്ടറുകൾ മാറ്റി ഇരുമ്പിന്റേത് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കരാറുകാരൻ തയ്യാറായില്ലെന്ന് സ്മാർട്ട് സിറ്റി പറയുന്നു.

പുതിയവ ഇട്ടാൽ പഴയ ഷട്ടറുകൾ സ്ഥാപിച്ച തുകയും കിട്ടണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ കരാറുകാരന്റെ പിഴവായതിനാൽ അധിക തുക നൽകാനാവില്ലെന്ന് സ്മാർട്ട് സിറ്റി അറിയിച്ചു. തുടർന്നുള്ള തർക്കങ്ങളാണ് ഉദ്ഘാടനം കഴിഞ്ഞു ഏഴ് മാസമായിട്ടും കച്ചവട കേന്ദ്രങ്ങൾ തുറക്കാനാവാത്തതിന് കാരണം. പ്രശ്നപരിഹാരത്തിന് മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ കരാറുകാരൻ,സ്മാർട്ട് സിറ്റി അധികൃതർ എന്നിവരുടെ സംയുക്ത യോഗം ഈ ആഴ്ച ചേരും.

ആധുനികതയുടെ മറവിൽ പൊടിക്കുന്നത് ലക്ഷങ്ങൾ

ആധുനിക കച്ചവട കേന്ദ്രത്തിന്റെ നിർമ്മാണ സമയത്ത് കരാറുകാരൻ കേന്ദ്രങ്ങളുടെ ഡോർ നിർമ്മിക്കുന്ന സാമഗ്രികളുടെ വിവരം സ്മാർട്ട്സിറ്റിയെ അറിയിച്ചിരുന്നു. എന്നാൽ കൃത്യമായ പരിശോധനയുണ്ടായില്ല. നിർമ്മാണം കഴിഞ്ഞ പരാതി ലഭിച്ചപ്പോഴാണ് അപാകത ശ്രദ്ധയിൽപ്പെട്ടത്.1.7 കോടി രൂപ ചെലവഴിച്ചായിരുന്നു കേന്ദ്രങ്ങളുടെ നിർമ്മാണം. ഇനി പാളിച്ചകൾ പരിഹരിക്കണമെങ്കിൽ ലക്ഷങ്ങൾ വേണ്ടിവരും.

ആദ്യഘട്ടത്തിൽ മൂന്ന് സ്ട്രീറ്റ് വെൻഡിംഗ് സോണുകളാണ് നഗരസഭ നിർമ്മിക്കുന്നത്. ആദ്യത്തേതാണ് മ്യൂസിയം ആർ.കെ.വി റോഡിലുള്ളത്. നഗരസഭയുടെ ലൈസൻസുള്ള 48 കച്ചവടക്കാർക്കാണ് ഇവിടെ വ്യാപാരം നടത്താൻ അനുമതിയുള്ളത്.

Advertisement
Advertisement