ലോക്സഭയിൽ ഉത്തരവ് കീറിയെറിഞ്ഞു , രാഹുലിനെ പിന്തുണച്ച് പ്രതിപക്ഷ ഐക്യം
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ അയോഗ്യതാവിഷയത്തിൽ കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രതിപക്ഷം പാർലമെന്റിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ചതോടെ ഇരുസഭകളും സ്‌തംഭിച്ചു. രാഹുലിനെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടേറിയറ്റ് ഉത്തരവ് സ്‌പീക്കർക്കു നേരെ കീറിയെറിഞ്ഞ ടി.എൻ. പ്രതാപനും ഹൈബി ഈഡനുമെതിരെ നടപടിക്കും സാദ്ധ്യത. ബഡ്‌ജറ്റ് അനുബന്ധ ബില്ലുകൾ പാസായ സാഹചര്യത്തിൽ ബഡ്‌ജറ്റ് സമ്മേളനം ഇന്ന് അനിശ്‌ചിത കാലത്തേക്ക് പിരിഞ്ഞേക്കും.
കറുത്ത വസ്‌ത്രമണിഞ്ഞ് പ്രതിഷേധിക്കാനുള്ള കോൺഗ്രസ് ആഹ്വാനം പ്രതിപക്ഷം ഏറ്റെടുത്തത് സർക്കാരിനെ ഞെട്ടിച്ചു. ലോക്‌സഭ വൻബഹളത്തോടെയാണ് കാലത്ത് 11ന് തുടങ്ങിയത്. കറുത്ത തുണിയും പ്ളക്കാർഡുകളുമേന്തി പ്രതിപക്ഷ എം.പിമാർ നടുത്തളത്തിലേക്ക് കുതിച്ചു. ഇതിനിടയിലാണ് ടി.എൻ. പ്രതാപനും ഹൈബി ഈഡനും സെക്രട്ടേറിയറ്റ് ഉത്തരവ് കീറി സ്‌പീക്കർ ഓംബിർളയ്‌ക്കു നേരെ എറിഞ്ഞത്. പെട്ടെന്നുള്ള നടപടിയിൽ ഞെട്ടിയ സ്‌പീക്കർ സഭ വൈകിട്ട് നാലുവരെ നിറുത്തിവച്ചു.
രാജ്യസഭയും ബഹളത്തെ തുടർന്ന് രണ്ടുമണിവരെ നിറുത്തിവച്ച ശേഷം ഇന്നലത്തേക്ക് പിരിഞ്ഞു. അതിനിടെ
ധനകാര്യ ബിൽ അടക്കം ബഡ്‌ജറ്റിന്റെ ഭാഗമായ ബില്ലുകളും ജമ്മുകാശ്‌മീർ ബഡ്‌ജറ്റും അംഗീകരിച്ചു. ബില്ലുകൾ പാസാക്കാൻ ബി.ജെ.പി അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു.
പാർലമെന്റ് വിട്ടിറങ്ങിയ പ്രതിപക്ഷം സത്യമേവ ജയതേ എന്ന ബാനറുമേന്തി വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. മല്ലികാർജ്ജുന ഖാർഗെ അടക്കം നേതാക്കൾ കറുത്ത തലപ്പാവും കുപ്പായവും ധരിച്ചിരുന്നു. കറുത്ത വസ്‌ത്രമണിഞ്ഞ് പ്രതിപക്ഷം പാർലമെന്റിനെ അവഹേളിച്ചെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പിയൂഷ് ഗോയൽ ആരോപിച്ചു.
വൈകിട്ട് ഖാർഗെയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ ഡി.എം.കെ, എസ്.പി, ജെ.ഡി.യു, ബി.ആർ.എസ്, സി.പി.എം,സി.പി.ഐ, ആർ.ജെ.ഡി, എൻ.സി.പി, മുസ്ളിം ലീഗ്, എം.ഡി.എം.കെ,കേരള കോൺഗ്രസ്, ആർ.എസ്.പി, ആം ആദ്‌മിപാർട്ടി, ശിവസേന, നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികളുടെ നേതാക്കൾക്കൊപ്പം തൃണമൂലും പങ്കെടുത്തു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും യോഗത്തിനെത്തിയിരുന്നു.
സവർക്കർ പ്രയോഗത്തിൽ
പ്രതിഷേധം
കഴിഞ്ഞ ദിവസത്തെ രാഹുലിന്റെ സവർക്കർ പ്രയോഗത്തിൽ ശിവസേന ഇന്നലെയും പ്രതിഷേധിച്ചു. സവർക്കറിന്റെ പേര് വലിച്ചിഴയ്‌ക്കേണ്ടായിരുന്നുവെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. സവർക്കർ പരാമർശത്തിനെതിരെ മഹാരാഷ്ട്ര ബി.ജെ.പി എം.പിമാർ പാർലമെന്റിലെ ശിവജി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയല്ല, ഗന്ദഗി(അഴുക്ക്) ആണെന്ന് പൂനം മഹാജൻ പരിഹസിച്ചു.