അതിഖ് അഹമ്മദിനെ ഗുജറാത്തിൽ നിന്ന്‌ യു.പിയിലേക്ക് മാറ്റി  കൊണ്ടുപോകുന്നത് കൊല്ലാനെന്ന് അതിഖ് മാദ്ധ്യമങ്ങളോട്

Tuesday 28 March 2023 12:27 AM IST

ന്യൂഡൽഹി: ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് യു.പി പൊലീസ് സംഘം പ്രയാഗ് രാജിലേക്ക് കൊണ്ട് പോകുന്നത് തന്നെ കൊലപ്പെടുത്താനാണെന്ന് സമാജ് വാദി പാർട്ടിയുടെ മുൻ എം.പിയും 100ലധികം ക്രിമിനൽ കേസുകളിൽ പ്രതിയുമായ അതിഖ് അഹമ്മദ് പറഞ്ഞു. ജയിലിൽ നിന്ന് യു.പി പൊലീസ് സംഘം പ്രയാഗ് രാജിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അതിഖ് അഹമ്മദ് മാദ്ധ്യമങ്ങളോട് വിളിച്ചു പറഞ്ഞതാണിത്.

'"ഞാൻ കൊല്ലപ്പെടും, എനിക്ക് അവരുടെ പദ്ധതിയെക്കുറിച്ച് അറിയാം. അവർക്ക് എന്നെ കൊല്ലുകയാണ് വേണ്ടത്. ഉമേഷ് പാൽ കൊലക്കേസിൽ എനിക്ക് ഒരു പങ്കുമില്ല. കള്ളക്കേസിൽ കുടുക്കിയതാണ്. യു.പി പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാനാണ് കൊണ്ടുപോകുന്നത്"". അതിഖ് അഹമ്മദ് പറഞ്ഞു.

തനിക്ക് സുരക്ഷ നൽകണമെന്നും സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ അതിഖ് ആവശ്യപ്പെട്ടിരുന്നു.

കർശന സുരക്ഷയോടെ

നൈനി ജയിലിൽ

2019 ൽ സുപ്രീംകോടതി നിർദ്ദേശമനുസരിച്ചാണ് അതിഖ് അഹമ്മദിനെ ഗുജറാത്തിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. ഞായറാഴ്ചയാണ് ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് അതിഖ് അഹമ്മദിനെ കനത്ത സുരക്ഷയോടെ യു.പി പൊലീസ് യു.പിയിലെ പ്രയാഗ് രാജിലേക്ക് കൊണ്ടുപോയത്. റിയൽ എസ്റ്റേറ്റ് നടത്തുന്ന മൊഹിത് ജയ്സ്വാളിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലും പ്രതിയായ അതിഖിനെ കോടതിയിൽ ഹാജരാക്കാനായാണ് പ്രയാഗ് രാജിലേക്ക് കൊണ്ടു വന്നത്. തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെ പ്രയാഗ് രാജിലെത്തിയ അതിഖിനെ ആറ് മണിക്ക് നൈനി ജയിലിലാക്കി.

ജയിലിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. നിരവധി സി.സി ടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഡി.ഐ.ജിയുടെ മേൽനോട്ടത്തിലാണ് ജയിലിലെ സുരക്ഷാ സംവിധാനം. അതിഖിനെ ഇന്ന് പ്രയാഗ് രാജിലെ കോടതിയിൽ ഹാജരാക്കും. ബറേലി ജയിലിലുള്ള അതിഖിന്റെ സഹോദരൻ അഷ്റഫിനെയും പ്രയാഗ് രാജിലെത്തിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിൽ തന്നെ കൊല്ലുമെന്ന ഭയം പ്രകടിപ്പിച്ചതിനെ തുടർന്ന് യു.പി പൊലീസിന്റെ വാഹനവ്യൂഹത്തെ ഒരു കൂട്ടം മാദ്ധ്യമങ്ങളും അതിഖ് അഹമ്മദിന്റെ സഹോദരിയും അഭിഭാഷകരും പിന്തുടരുന്നുണ്ടായിരുന്നു.

അതിഖ് അഹമ്മദിനെ ചോദ്യം ചെയ്യാൻ അനുമതി തേടി യു.പി പൊലീസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.

തങ്ങൾ മാഫിയ അല്ലെന്ന് സഹോദരൻ അഷ്റഫ്

തന്റെ സഹോദരൻ അതിഖ് അഹമ്മദും താനും മാഫിയ ഡോണല്ലെന്ന് അതിഖിന്റെ സഹോദരൻ അഷ്റഫ് പറഞ്ഞു.

''ഞങ്ങളെ ലക്ഷ്യമിട്ട്

യോഗിജി പറഞ്ഞത് മാഫിയ ഡോണിനെ വെറുതെ വിടില്ലെന്നാണ്. എന്റെ സഹോദരൻ അഞ്ച് തവണ എം.എൽ.എയും എം.പിയുമായ ആളാണ്. ഞാനും എം.എൽ.എ ആയിട്ടുണ്ട്. ഞങ്ങളുടെത് ഒരു രാഷ്ട്രീയ കുടുംബമാണ്"". അഷ്റഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുൻ എം.പിയും എം.എൽ.എയുമായ അതിഖ് അഹമ്മദ് 100ലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2005 ൽ ബി.എസ്.പി എം.എൽ.എ രാജു പോൾ കൊല്ലപ്പെട്ട സംഭവത്തിലും അതിഖിന്റെ കരങ്ങളായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ കേസിലെ സാക്ഷിയായ അഭിഭാഷകൻ ഉമേഷ് പാൽ വെടിയേറ്റ് മരിച്ചത്. ഈ സംഭവത്തിലും അതിഖിന് പങ്കുണ്ടെന്ന് യു.പി പൊലീസ് പറയുന്നു.

Advertisement
Advertisement