ഇന്നസെൻ്റിന്റെ 'ഡബിൾ ലെംഗ്ത്'

Tuesday 28 March 2023 12:30 AM IST
സിബി കെ. തോമസ്

ഇരിങ്ങാലക്കുട: പന്തം കൊളുത്തി പ്രകടനം നടത്തുമ്പോൾ രണ്ട് കൈയിലും പന്തം പിടിക്കാൻ നർമ്മം കലർത്തി ഉപദേശിച്ചയാളാണ് ഇന്നസെന്റെന്ന് നാട്ടുകാരനും ഇന്നസെന്റിന്റെ പതിനഞ്ച് സിനിമകളുടെ തിരക്കഥാകൃത്തുമായ സിബി കെ. തോമസ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വിദ്യാർത്ഥി ജനതയുടെ പ്രവർത്തകനും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു സിബി. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ഉടൻ പന്തംകൊളുത്തി പ്രകടനം നടത്താറുണ്ടായിരുന്നു. ചിലപ്പോൾ നാലോ അഞ്ചോ പേരേ ഉണ്ടാകൂ. ഇരിങ്ങാലക്കുട പുളിക്കൻ ലെതർ വർക്‌സാണ് ഇന്നസെന്റിന്റെ താവളം. സിനിമകളില്ലാത്ത സമയങ്ങളിൽ സംവിധായകൻ മോഹനും അവിടെയുണ്ടാകും. സിബിയുടെയും സുഹൃത്തുക്കളുടെയും പ്രകടനം ഈ കടയിലിരുന്ന് ശ്രദ്ധിക്കാറുണ്ടായിരുന്ന ഇന്നസെന്റ് ഒരു ദിവസം പറഞ്ഞു; 'ഡാ സിബി. ഇന്നലെ പ്രകടനത്തിന് ആള് കുറവായിരുന്നല്ലേ. നീയൊരു കാര്യം ചെയ്യ്. ഇനി പ്രകടനം നടത്തുമ്പോൾ രണ്ട് കൈയിലും പന്തം പിടിക്ക്. ദൂരെ നിന്ന് നോക്കിയാൽ ഡബിൾ ലെംഗ്ത്ത് കിട്ടും'. കളിയാക്കാനാണ് പറഞ്ഞതെങ്കിലും മനസിൽ ആഴത്തിൽ കൊണ്ട ആ നർമ്മം ഇപ്പോഴും മറന്നിട്ടില്ല.

കരുതലും സ്‌നേഹവും നൽകി

പുറമേയുള്ളവർക്ക് ആളുകളെ ചിരിപ്പിക്കുന്നയാളാണെങ്കിലും അടുപ്പമുള്ളവർക്ക് ഇന്നസെന്റ് കരുതലും സ്‌നേഹവും നൽകിയെന്ന് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം നൽകിയ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ തിരക്കിലും ഭക്ഷണം കഴിച്ചോ, ഉറങ്ങിയോ തുടങ്ങിയ ചെറിയ കാര്യങ്ങൾ പോലും അന്വേഷിക്കുമായിരുന്നു. നിഷേധാത്മകമായി സംസാരിക്കുന്നവരെ മാറ്റിനിറുത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത്തരം സന്ദർഭങ്ങളിൽ നർമ്മത്തിൽ പൊതിഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾക്ക് ചാട്ടുളിയുടെ ശക്തിയുണ്ടായിരുന്നു. അഭിപ്രായം തുറന്ന് പറയാൻ പലരും മടിക്കുന്നിടത്തും ഇന്നസെന്റ് വ്യത്യസ്തനായി.

Advertisement
Advertisement