കർണ്ണാടക ബി ജെപി എം എൽഎ വിരൂപാക്ഷപ്പ അറസ്റ്റിൽ

Tuesday 28 March 2023 12:32 AM IST

ബംഗളൂരു: കൈക്കൂലിക്കേസിൽ പ്രതിയായ കർണ്ണാടക ബി.ജെ.പി എം.എൽ.എ എം. വിരൂപാക്ഷപ്പയെ കർണ്ണാടക ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ചെയർമാനായിരുന്നു വിരുപാക്ഷപ്പ. കൈക്കൂലി വാങ്ങുന്നതിനിടെ മകൻ പ്രശാന്ത് മദലിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ വിരുപാക്ഷപ്പയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ എട്ടു കോടിയിലേറെ രൂപ പിടിച്ചെടുത്തിരുന്നു. ലോകായുക്ത കേസെടുത്തതിനു പിന്നാലെ ഒളിവിൽ പോയ വിരൂപാക്ഷപ്പയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് ലോകായുക്ത പൊലീസിനു മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. വീട്ടിൽനിന്ന് പണം പിടിച്ചെടുത്തതിനെ തുടർന്ന് ഇയാൾ ചെയർമാൻ സ്ഥാനം ഒഴിഞ്ഞിരുന്നു.

മൈസൂർ സാൻഡൽ സോപ്പ് നിർമ്മാതാക്കളായ കെ.എസ്.ഡി.എല്ലിന് അസംസ്കൃത വസ്തുക്കൾ നൽകുന്നയാളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് എം.എൽ.എയുടെ മകൻ പ്രശാന്ത് മദൽ പിടിയിലാകുന്നത്. 40 ലക്ഷം രൂപയാണ് കൈപ്പറ്റിയതിനെ തുടർന്ന് ലോകായുക്ത പൊലീസിന്റെ മിന്നൽ റെയ്ഡിൽ വിരുപാക്ഷപ്പയുടെ മകന്റെ വീട്ടിൽ നിന്നടക്കം എട്ട് കോടിയിലേറെ രൂപ പിടിച്ചെടുക്കുകയായിരുന്നു. മകൻ പ്രശാന്ത് മദൽ ആണ് രണ്ടാം പ്രതി.

Advertisement
Advertisement