കർണ്ണാടക മുഖ്യമന്ത്രിയുടെ വിശ്വസ്തനും മകനും ബി.ജെ.പി വിട്ട് കോൺഗ്രസിൽ

Tuesday 28 March 2023 12:34 AM IST

മംഗളൂരു: കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്‌ക്ക് വൻ തിരിച്ചടി നൽകി, മുതിർന്ന ബി.ജെ.പി നേതാവും ബൊമ്മൈയുടെ വിശ്വസ്തനുമായ മഞ്ജുനാഥ് കുന്നൂരും മകൻ രാജു കുന്നൂരും പാർട്ടി വിട്ട് കോൺഗ്രസ് പാളയത്തിലെത്തി. ഹാവേരി ജില്ലയിൽ നിന്ന് ഇരുവരും, കെ.ആർ പെറ്റ്, ജെ.ഡി.എസ് നേതാവ് ദേവരാജ് എന്നിവരും പാർട്ടി വിട്ടു. ഇവരെ കെ.പി.സി.സി അദ്ധ്യക്ഷൻ ഡി. കെ. ശിവകുമാർ കോൺഗ്രസിലേക്ക് സ്വീകരിച്ചു. ഷിമോഗയിലെ ബി.ജെ.പി നേതാവ് അരുൺ, മറ്റൊരു പ്രമുഖ ജെ.ഡി.എസ് നേതാവ് സുധാകർ തുടങ്ങിയവർ ചിന്താമണിയിൽ നിന്ന് അനുഭാവികളോടൊപ്പം കോൺഗ്രസിൽ ചേർന്നു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിർന്ന പാർട്ടി നേതാവ് കെ.റഹ്മാൻ ഖാൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ്, മുൻ മന്ത്രിമാരായ ചെലുവരയ്യസ്വാമി, പ്രിയങ്ക് ഖാർഗെ, നരേന്ദ്ര സ്വാമി എന്നിവർ പുതുമുഖങ്ങളെ സ്വാഗതം ചെയ്യാൻ കെ.പി.സി.സി ഓഫീസിൽ എത്തിയിരുന്നു. ബൊമ്മൈയുടെ വലംകൈയും പ്രമുഖ ബി.ജെ.പി നേതാവുമായ ഹവേരി ജില്ലയിലെ തന്റെ നിയമസഭാ മണ്ഡലമായ ഷിഗ്ഗോണിൽ നിന്ന് കൂറുമാറിയതിൽ കെ.പി.സി.സി പ്രസിഡന്റ് ആഹ്ലാദം പ്രകടിപ്പിച്ചു. മൂന്ന് തവണ എം.എൽ.എയും മുൻ എം,പിയും കൂടിയാണ് ബി. ജെ.പി യിൽ നിന്ന് രാജിവച്ച മഞ്ജുനാഥ് കുന്നൂർ.

കോണ്‍ഗ്രസില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ചിന്താമണിയിലെ യുവ സുഹൃത്ത് സുധാകർ തന്നെ പലതവണ കണ്ടിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. സുധാകറിനെ ചിന്താമണിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം വിജയത്തിനായി എല്ലാ പാർട്ടിക്കാരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിച്ചു.

Advertisement
Advertisement