ബിൽക്കിസ് ബാനു കേസ്; പ്രതികളുടെ മോചനം നടപടി വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി, ബന്ധപ്പെട്ട ഫയലുകൾ കേന്ദ്രവും ഗുജറാത്തും ഹാജരാക്കണം
ന്യൂ ഡൽഹി: ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികൾക്ക് ശിക്ഷായിളവ് നൽകി മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി. ബിൽക്കിസ് ബാനുവിനെതിരെയുണ്ടായത് ഭയാനകമായ കുറ്റകൃത്യമെന്നാണ് ജസ്റ്റിസുമാരായ കെ.എം. ജോസഫും, ബി.വി. നാഗരത്നയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്. പതിനൊന്ന് കുറ്റവാളികളെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട ഫയലുകൾ കേന്ദ്രവും ഗുജറാത്തും ഹാജരാക്കണം. ഒട്ടേറെ കൊലപാതകക്കേസുകളിലെ കുറ്റവാളികൾ വർഷങ്ങളായി ഇളവ് ലഭിക്കാതെ ജയിലുകളിൽ കഴിയുന്നുണ്ടെന്നും ശിക്ഷായിളവ് നൽകുന്നതിന് മറ്റു കേസുകളിൽ സ്വീകരിച്ച ഏകീകൃത മാനദണ്ഡം തന്നെയാണോ ബിൽക്കിസ് ബാനുവിന്റെ കേസിലും പ്രയോഗിച്ചതെന്ന കോടതിയുടെ ചോദ്യം ശ്രദ്ധേയമാണ്.
ബിൽക്കിസ് ബാനുവിന്റെ ഹർജിയിൽ കേന്ദ്രസർക്കാരിനും, ഗുജറാത്തിനും, ജയിലിൽ നിന്നിറങ്ങിയ 11 കുറ്റവാളികൾക്കും നോട്ടീസ് കൈമാറാൻ കോടതി നിർദ്ദേശം നൽകി. ഏപ്രിൽ 18ന് വിശദമായി വാദം കേൾക്കാനാണ് തീരുമാനം. വൈകാരികമായി വിഷയത്തെ സമീപിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
വിചാരണ നടന്ന സംസ്ഥാനമാണ് കുറ്റവാളികളുടെ ശിക്ഷായിളവിൽ തീരുമാനമെടുക്കേണ്ടതെന്നും, മഹാരാഷ്ട്രയിൽ നടന്ന വിചാരണയിൽ ഗുജറാത്ത് സർക്കാരാണ് ശിക്ഷായിളവ് പരിഗണിച്ചതെന്നും ബിൽക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക അറിയിച്ചു. ശിക്ഷായിളവ് പൊതുസമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതം പരിഗണിക്കണമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
ശിക്ഷായിളവിനെ മുംബൈയിലെ വിചാരണക്കോടതിയും സി.ബി.ഐയും എതിർത്തിരുന്നുവെന്ന് പൊതുതാത്പര്യഹർജിക്കാരായ സി.പി.എം നേതാവ് സുഭാഷിണി അലി തുടങ്ങിയവരുടെ അഭിഭാഷക വാദിച്ചു. പരോളിൽ ഇറങ്ങിയ സമയത്ത് സ്ത്രീയെ അപമാനിച്ചതിന് ഒരു കുറ്രവാളിക്കെതിരെ കേസ് നിലവിലുണ്ട്. കൂട്ടബലാൽസംഗവും, മൂന്ന് വയസുളള കുട്ടിയെ അടക്കം കൊലപ്പെടുത്തിയതുമായ സംഭവത്തിലുൾപ്പെട്ട കുറ്റവാളികളെയാണ് മോചിപ്പിച്ചതെന്നും അഭിഭാഷക പറഞ്ഞു. പൊതുതാത്പര്യഹർജിക്കാർക്ക് കോടതിയെ സമീപിക്കാൻ അധികാരമില്ലെന്ന് കുറ്റവാളികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. 2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കിസ് ബാനു കൂട്ടബലാൽസംഗത്തിനിരയായത്. അന്നവർ അഞ്ച് മാസം ഗർഭിണിയായിരുന്നു. കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.